കൊച്ചി: സദസ്സിൽ ചിലപ്പോൾ ആയിരങ്ങൾ ഉണ്ടാകും…ചിലപ്പോൾ വളരെ പരിമിതമായ ആളുകളെ ഉണ്ടാകൂ ….ഇംഗ്ലീഷിലും ഹിന്ദിയിലും ‘അവതാരകൻ ‘ പറയുന്ന ഓരോ വാചകത്തിനു ശേഷവും ആർത്തു ചിരിക്കുന്ന കാണികൾ ……ചിലപ്പോൾ ഒരോ വാക്കിനിടയിലും ചിരിവരും …..ഓരോ മുഖഭാവത്തിനും ആംഗ്യവിക്ഷേപത്തിനും ഒരു മൂളലിന് പേലും കൂട്ടചിരിയുടെ അകമ്പടി …..
സംഭവം കോമഡി ആണെന്ന് മനസ്സിലായി ….പക്ഷേ ഇമ്മാതിരി പരിപാടികൾ മലയാളത്തിൽ അധികം കണ്ടിട്ടില്ല ……
ഇതാണ് സ്റ്റാന്റ്-അപ്പ് കോമഡി….
ആ ‘അവതാരകനാണ്’ സ്റ്റാന്റ്-അപ്പ് കൊമേഡിയൻ…..
സ്റ്റാന്റ് – അപ്പ് കോമഡിയിലൂടെ മോട്ടിവേഷൻ ട്രെയിനിങ് നടത്തുന്ന അഭിഷാദ് ഗുരുവായൂർ എഴുത്തുന്നു….
കൊറേ ചിരിച്ചു.. അല്ലാതെ വേറൊന്നും കിട്ടിയില്ല.
ചിരിക്കാൻ കാശു കൊടുക്കുകയോ?
ഇങ്ങനെ ചിന്തിച്ചിക്കുന്ന ആളാണ് താങ്കളെങ്കിൽ തുടർന്ന് വായിക്കരുത്.
കേരളത്തിന് സ്റ്റാൻഡ് അപ് കോമഡി അത്രയ്ക്ക് പരിചയമായിട്ടില്ല.
ലക്ഷണമൊത്ത രണ്ട് സ്റ്റാൻഡപ് കൊമേഡിയൻമാർ കേരളത്തിലുണ്ട്.
കെന്നി സെബാസ്റ്റ്യനും അബീഷ് മാത്യുവും.
പക്ഷെ ഇവർ ചെയ്യുന്നത് ഇംഗ്ലീഷിലും, പൊതുവെ കേരളത്തിന് പുറത്തും ആണ്.
മലയാളത്തിൽ സ്റ്റാൻഡപ് കോമഡി ചെയ്യുന്ന ഒരു താരം ഇനിയും വരേണ്ടിയിരിക്കുന്നു.
ഇപ്പോൾ ചാനലുകളിൽ സ്റ്റാൻഡപ് കോമഡി എന്ന പേരിൽ നടക്കുന്നത് വെറും സ്റ്റോറി ടെല്ലിങ്ങാണ്.
ചേട്ടന് ഇതിനെക്കുറിച്ച് വലിയ പിടിയില്ലല്ലേ എന്ന് ചോദിക്കാനാണ് പലപ്പോഴും തോന്നാറ്..
ഇവിടെ സ്റ്റാൻഡപ് കോമഡി എന്ന പേരിൽ മിമിക്രിയും മോണോ ആക്ടും അവതരിപ്പിച്ച് പോകുന്നവരാണധികവും.
എന്തുകൊണ്ടായിരിക്കാം മലയാളത്തിൽ ഇത് ഇതുവരെ ക്ലച്ച് പിടിക്കാഞ്ഞത് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
കാശു കൊടുത്ത് ചിരിക്കുകയോ എന്ന് ചില മലയാളികളെങ്കിലും ചിന്തിച്ചിട്ടുണ്ടാകാം.
ഇൻഡോ കനേഡിയൻ റസൽ പീറ്റേഴ്സാണ് ലോകത്ത് ഏറ്റവും പോപ്പുലറായ സ്റ്റാൻഡപ് കൊമേഡിയൻ.
ടെവർ നോഹ്,
കെവിൻ ഹാർട്ട്,
ലൂയിസ് സി.കെ,
മാസ് ജൊബ്രാനി തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളും ഉണ്ട്.
അടുത്ത കാലത്ത് ഇന്ത്യ മുഴുവൻ ചർച്ച ചെയ്ത
വീർദാസ്
കുനാൽ കമ്ര,
മുനവ്വർ ഫറൂഖി തുടങ്ങിയവും താരങ്ങളാണ്.
സാക്കിർ ഖാൻ ആണ് ഏറ്റവും വലിയ ഇന്ത്യൻ താരം.
മലയാളത്തിൽ സ്റ്റാൻഡപ്കോമഡി എന്ന ടൈറ്റിൽ ആദ്യമായി ഉപയോഗിച്ചത് സജീഷ് കുട്ടനെല്ലൂർ ആണ്.
55 മിനിറ്റ് നേരമാണ് പൊതുവെ ഈ പരിപാടി ഉണ്ടാവുക.
തമാശകൾ സ്ക്രിപ്റ്റ് ചെയ്ത് അവതരിപ്പിക്കുന്നതോടൊപ്പം കാണികളുമായി സംവദിച്ച് നടത്തുന്ന നൈമിഷികമായ നർമ്മ പ്രയോഗങ്ങളും കൂടി ചേരുമ്പോഴാണ് സ്റ്റാൻഡ് അപ്പ് കോമഡി എന്ന ആർട്ട്ഫോമിന്റെ യഥാർത്ഥ സൗന്ദര്യം പുറത്തു വരിക, ഉചിതമായ ബോഡി ലാംഗ്വേജും ഭാവങ്ങളും, ശബ്ദ വ്യതിയാനങ്ങളും കൂടി ചേരുമ്പോൾ സദസ്സ് ചിരിയുടെ ഒരു കടലായി മാറും
നാനൂറ് മുതൽ 1500 വരെ രൂപ ടിക്കറ്റെടുത്ത് ആളുകൾ ഷോ കാണാൻ കയറും.
30- 100 പേരുടെ പബ് ഷോസും,5000ന് മുകളിൽ ആളുകളുടെ വലിയ ഷോകളും ഉണ്ടാകും.
ആദ്യത്തെ 15 മിനിറ്റ് ഒരു അപ്കമിങ് കൊമേഡിയൻ്റെ ഓപണിങ് ആക്ട് ഉണ്ടാകും .
അത് കഴിഞ്ഞാൽ നമ്മുടെ താരം സ്റ്റേജിലേക്ക് വരമായി.. മൈക്ക് കയ്യിലെടുക്കുന്നു. സംസാരിക്കുന്നു .. ചിരി തുടങ്ങുന്നു.. എല്ലാം മറന്ന് ചിരിക്കാം..
ടിക്കറ്റെടുത്ത് ചിരിക്കാൻ മാത്രമായി വരുന്ന ഓഡിയൻസാണ്. അവർ ചിരിച്ച് കയ്യടിച്ച്, ആർപ്പു വിളിച്ച് പ്രോത്സാഹിപ്പിക്കും.
വല്ലാത്തൊരു വൈബാണ്.
അൻപതോളം സ്റ്റാൻഡപ് കോമഡി ഷോയിൽ ഞാൻ കേൾക്കാനായി പങ്കെടുത്തിട്ടുണ്ട്.
ചിരിച്ച് ചിരിച്ച് വയറുവേദന വരും.
എല്ലാവർക്കും വലിയ ഫാൻബേസും ഉണ്ടായിരിക്കും..
ധാരാളം കോർപറേറ്റ് ഷോകളും, കോളേജ് പ്രോഗ്രാമുകളും ഇപ്പോൾ സ്റ്റാൻഡപ് കോമഡി നടത്താറുണ്ട്.
എറണാകുളത്തെ ഒരു പ്രശസ്ത വിമൻസ് കോളേജിൽ കെന്നി സെബാസ്റ്റ്ൻ അതിഥിയായി വന്നിരുന്നു. 40 മിനിറ്റ് സ്റ്റേജിൽ നിന്ന് തമാശ പറയാൻ അദ്ദേഹം വാങ്ങിയത് 8 ലക്ഷം രൂപ.
ഒരു മണിക്കൂർ തമാശ പറയാൻ റസൽ പീറ്റേഴ്സ് 30 ലക്ഷം വാങ്ങിക്കും എന്ന് കേട്ടിട്ടുണ്ട്.
നെറ്റ് ഫ്ലിക്സ് ഒറിജിനൽ കണ്ടൻറായി ചെയ്ത കുറെ ഇന്ത്യൻ സ്റ്റാൻഡ്പ് ഷോസും ഉണ്ട്. സിനിമാ താരങ്ങൾക്ക് ഒപ്പമോ മുകളിലോ ആണ് ഇവരുടെ പോപ്പുലാരിറ്റി.
ആകെ ചെയ്യേണ്ടത് സ്റ്റേജിൽ മൈക്കിലൂടെ തമാശ പറയുക. ചിരിപ്പിക്കുക.
അത്ര തന്നെ.
ചിരിയാണല്ലോ ഏറ്റവും വലിയ ഔഷധം.. ഇത് ഇത്തിരി വില കൂടിയ ഔഷധവുമാണ്.
ഒന്ന് മനസറിഞ്ഞ് ചിരിച്ചാൽ മനസും ശരീരവും ചെറുപ്പമാകും. മലയാളിയുടെ മസിലുപിടിത്തമൊക്കെ അയച്ച്, അവരെ കുട്ടികളെപ്പോലെ ചിരിച്ച്, പൊട്ടിപൊട്ടിച്ചിരിച്ച് ജീവിതം ഉത്സവമാക്കാൻ സഹായിക്കുന്ന
യഥാർഥ സ്റ്റാൻഡ് അപ് കൊമേഡിയൻമാർ ഉയർന്നു വന്നാൽ
അവരെ സ്വീകരിച്ച്, ആസ്വദിച്ച് ചിരിക്കാൻ മലയാളി ഉണ്ടാവും.
കുഞ്ചൻ നമ്പ്യാർ വിലസിയ നാടല്ലേ ഇത്!
ലേഖകൻ അഭിഷാദ് ഗുരുവായൂർ
Photo Credit: Instagram