തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ഇപ്പോള്‍ സാധാരണനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും, നിക്ഷേപകര്‍ക്ക് 117 കോടി തിരിച്ചു കൊടുത്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു തൃശൂരില്‍ അദ്ദേഹം.
8.16 കോടി പുതിയ വായ്പ നല്‍കി. 103 കോടി രൂപ വായ്പ എടുത്തവര്‍ തിരിച്ചടച്ചു. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ വിട്ടുവീഴ്ച നടത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. അപകീര്‍ത്തിപ്പെടുത്തല്‍ കൊണ്ടൊന്നും ഞങ്ങളെ നാട്ടില്‍ കൊച്ചാക്കാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.
സഹകരണ വകുപ്പാണ് കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് കണ്ടെത്തിയത്. കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു. പ്രധാനമന്ത്രിക്ക് ഇതൊന്നും മനസ്സിലാകാഞ്ഞിട്ടല്ല. തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി പറയുന്നതെന്നും പിണറായി വിജയന്‍ തിരിച്ചടിച്ചു. എം എം വര്‍ഗീസിന് 100 കോടിയുടെ സ്വത്തെന്ന് പറഞ്ഞത് കടന്നകൈയാണ്. പാര്‍ട്ടിയുടെ ബ്രാഞ്ച് ഓഫീസ് മുതല്‍ ജില്ലാ ഓഫീസ് വരെയുള്ള സ്വത്താണത്. അക്കൗണ്ട് മരവിപ്പിച്ചത് കൊണ്ടൊന്നും തെരഞ്ഞെടുപ്പില്‍ പിന്നോട് പോകില്ല. കൈയില്‍ പണമില്ലെങ്കില്‍ ജനം പണം നല്‍കുമെന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.