കുന്നംകുളം: ആർത്താറ്റിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ ബൈക്ക് യാത്രികരായ 3 പേർ മരിച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, 3 വയസ്സുള്ള എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയാണ് അപകടം.. കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അപകടം നടന്നയുടൻ ഒളിവിൽ പോയ കാർ ഡ്രൈവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വാഹനം ഓടിച്ചയാൾ ഉൾപ്പെടെ കാറിലുണ്ടായിരുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.









