Newsskerala

ഗീത ഗോപിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവുണ്ട്; അതുകൊണ്ടാണ് സ്ഥാനാര്‍ഥിയാക്കുന്നത്: സി.സി. മുകുന്ദന്‍

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐ നാട്ടിക എംഎല്‍എ സി.സി.മുകുന്ദന്‍ പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്ത്. മുന്‍ എംഎല്‍എ ഗീതാഗോപിയ്‌ക്കെതിരെയാണ് പുതിയ ആരോപണം. ഗീതാ ഗോപിയ്ക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവുണ്ടെന്നും, എന്നാല്‍ മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ലെന്നും മുകുന്ദന്‍ പറഞ്ഞു. നിലവിലെ എംഎല്‍എ മുകുന്ദനെ മാറ്റി മുന്‍ എംഎല്‍എ ആയിരുന്ന ഗീതാ ഗോപിയെ മത്സരിപ്പിക്കാന്‍ സിപിഐ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് മുകുന്ദന്‍ രംഗത്തെത്തിയത്.
പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ തനിക്കാവില്ല. ഗീതഗോപിയ്ക്ക് സീറ്റ് നല്‍കുന്നത് സാമ്പത്തിക സ്വാധീനം മൂലമാണ്. പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും മല്‍സരിക്കുമെന്നും സിസി മുകുന്ദന്‍ എംഎല്‍എ നിലപാട് വ്യക്തമാക്കി. പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ട്. സിപിഐയിലെ വിഭാഗീയത കാരണം ഒഴിവാക്കപ്പെടുകയാണ്. ചേര്‍പ്പ് മണ്ഡലം കമ്മിറ്റി തന്റെ  പേര് നിര്‍ദേശിക്കാത്തതിന് പിന്നില്‍ വിഭാഗീയതയാണ്. തന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ടേം എല്ലാ എംഎല്‍എമാര്‍ക്കും നല്‍കിയെന്നും തന്നെ മാത്രം പാര്‍ട്ടി ഒഴിവാക്കിയെന്നും എംഎല്‍എ പറഞ്ഞു. നാട്ടിക സംവരണമണ്ഡലത്തില്‍ ഒന്നാമൂഴത്തില്‍ വന്‍ വിജയം നേടിയ  മുതിര്‍ന്ന സിപിഐ നേതാവാണ് സി.സി. മുകുന്ദന്‍. ഒരുതവണ ജയിച്ചവര്‍ക്ക് രണ്ടാം ഊഴം നല്‍കുമെന്ന പാര്‍ട്ടിയുടെ മാനദണ്ഡം കാറ്റില്‍ പറത്തിയാണു മുകുന്ദനെ അവഗണിച്ചത്. ഗീതാ ഗോപി രണ്ട്് തവണ ഇതേ മണ്ഡലത്തില്‍ വിജയിച്ചിട്ടുണ്ട്്. സി.പി.ഐ.യില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിലനില്‍ക്കുന്ന ശക്തമായ ചേരിപ്പോരാണ് മുകുന്ദനെ തഴയാന്‍ കാരണമെന്നറിയുന്നു. വേണ്ടത്ര പരിഗണന നല്‍കാത്തതില്‍ മുന്‍ കൃഷിമന്ത്രി കൂടിയായ വി.എസ്.സുനില്‍കുമാറിനും അതൃപ്തിയുണ്ട്. ഗീതാ ഗോപിക്ക് സീറ്റ് നല്‍കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തിലാണു മുകുന്ദന്‍ എന്നറിയുന്നു. മുകുന്ദന്റെ പ്രതിഷേധവും മണ്ഡലത്തിലെ ജയസാധ്യതയും കണക്കിലെടുത്ത് കോണ്‍ഗ്രസ് നേതൃത്വം സമീപിച്ചുവെന്നറിയുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് മുകുന്ദനെ ഫോണില്‍ ബന്ധപ്പെടുകയും അതുപ്രകാരം ജില്ലയിലെ നേതൃനിരയിലെ ചിലര്‍ നേരിട്ടെത്തി കാണുകയും ചെയ്തതായാണ് വിവരം. ഇത്തവണ സ്ഥാനാര്‍ഥിത്വം ഇല്ലെന്ന വിവരവും പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പും കിട്ടിയശേഷം തീരുമാനം അറിയിക്കാമെന്നാണ് മറുപടി നല്‍കിയത്.

കളങ്കരഹിതമായ ജീവിതം നയിക്കുന്ന മുകുന്ദന് മണ്ഡലത്തില്‍ നല്ല ജയസാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. എം.എല്‍.എ. എന്ന നിലയില്‍ പാര്‍ട്ടി നിയോഗിച്ച സെക്രട്ടറി താന്‍ അറിയാതെ ലെറ്റര്‍ പാഡുകളും ഒപ്പും ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയോടെയാണു മുകുന്ദന്‍ സിപിഐ ജില്ലാനേതൃത്വത്തിന് അനഭിമതനായിത്തീര്‍ന്നത്. സെക്രട്ടറിയെ മാറ്റുന്നതുവരെ മുകുന്ദന്‍ പാര്‍ട്ടിേ നതൃത്വവുമായി അകന്നുനിന്നു. നേതൃത്വത്തോടുള്ള അതൃപ്തി പൊതുവിടങ്ങളിലും പരസ്യമായി പ്രകടിപ്പിക്കുകയും പറയുകയും ചെയ്തു.
ജപ്തിയായ, ചോര്‍ന്നൊലിക്കുന്ന വീട്ടിലെ താമസവും, ബാല്യകാലദുഃഖങ്ങള്‍ പങ്കുവെച്ചുള്ള ജീവിതകഥ പുസ്തകമായി പുറത്തിറങ്ങിയതും ജനങ്ങള്‍ക്കിടയില്‍ മുകുന്ദന്റെ ജനപ്രീതി കൂട്ടി.മണ്ഡലത്തിലെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള വികസന സപ്ലിമെന്റ് ഈയിടെ പുറത്തിറക്കിയിരുന്നു. സ്വതന്ത്രനായി മത്സരിച്ചാലും മുകുന്ദന് വിജയസാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

Leave a Comment

Your email address will not be published. Required fields are marked *