ബെംഗളൂരു: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഉമ്മര്‍ ഫറൂഖ് എന്ന പ്രതിയെ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് എന്‍ഐഎ. കൊലപാതകത്തിന് മുന്‍പ് നടന്ന ഗൂഢാലോചനയില്‍ നേരിട്ട് പങ്കെടുത്ത ആളാണ് പിടിയിലായെന്ന് എന്‍ഐഎ അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 25 ആയി.
2022 ജൂലൈയിലായിരുന്നു ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ച ജില്ല നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ ഒരു സംഘം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ അക്രമിസംഘം പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊല്ലുകയായിരുന്നു. അതേവര്‍ഷം ഓഗസ്റ്റില്‍ കേസ് എന്‍ഐഎ ഏറ്റെടുത്തു. കേസില്‍ 21 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ജനാധിപത്യം അട്ടിമറിച്ച് 2047-ഓടെ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു എന്നതടക്കം ഗുരുതരമായ പരാമര്‍ശങ്ങളാണ് പ്രവീണ്‍ നെട്ടാരു കൊലപാതക കേസിലെ കുറ്റപത്രത്തിലുള്ളത്.













