Newsskerala

മുഖ്യമന്ത്രി പദവി: കടുത്ത അതൃപ്തിയില്‍ ലീഗ് നേതൃത്വം

കോഴിക്കോട്: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പരസ്യപ്രതികരണത്തില്‍ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി. യുഡിഎഫ് ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരാകുന്നുവെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. നേതാക്കള്‍ തന്നെയാണ് മുഖ്യമന്ത്രി വിവാദത്തിന് വഴി വെച്ചതെന്നും മുസ്ലിം ലീഗ് വിലയിരുത്തുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം തുടര്‍ന്നാല്‍ ഹൈക്കമാന്റ് ഇടപെടല്‍ ആവശ്യപ്പെടാനും നീക്കമുണ്ട്. അതേസമയം, മുഖ്യമന്ത്രി പദവിയിലേക്ക് ആരുടെയും പക്ഷം പിടിക്കില്ലെന്ന നിലപാടിലാണ് ലീഗ്. കോണ്‍ഗ്രസ് ചോദിക്കുമ്പോള്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നുമാണ് ലീഗിലെ ധാരണ.
അതേസമയം, യുഡിഎഫ് ക്യാമ്പില്‍ തുടങ്ങിയ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകളും വടംവലികളും നിരീക്ഷിക്കുകയാണ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ സംസാരിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വിവരം തേടുകയും ചെയ്തു. നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചരടുവലികള്‍ തുടങ്ങിയതോടെ ഹൈക്കമാന്‍ഡ് അതീവ ജാഗ്രതയിലാണ്.

മുഖ്യമന്ത്രി സ്ഥാനത്തിനായി വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്. വോട്ടെണ്ണലിന് മുന്‍പേ തന്നെ സോഷ്യല്‍ മീഡിയയില്‍ നേതാക്കളുടെ അനുയായികള്‍ തമ്മിലുള്ള ‘പോസ്റ്റര്‍, കമന്റ് യുദ്ധം’ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നാണ് ചില മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പരസ്യ പ്രതികരണം പാടില്ലെന്ന് എഐസിസി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷിയും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ചും ചില നേതാക്കള്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സൂചന. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനത്തിന് വിരുദ്ധമായി ആരും നീങ്ങരുതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. മെയ് 4-ന് ഫലം പുറത്തുവന്ന ശേഷം ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലെത്തി എംഎല്‍എമാരുടെ അഭിപ്രായം തേടും. അതിനുശേഷം മാത്രമേ അന്തിമ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.

Leave a Comment

Your email address will not be published. Required fields are marked *