Newsskerala

തൃശൂരില്‍ പൂരാവേശത്തിന് മറ്റന്നാള്‍ കൊടിയേറും

തൃശൂര്‍: മതിവരാക്കാഴ്ചകളുടെ മഹാമേളയായ തൃശൂര്‍ പൂരത്തിന് മറ്റന്നാള്‍ കൊടിയേറും. കനലെരിയുന്ന വേനലിലും ആവേശച്ചൂടിലാണ് തട്ടകനിവാസികളും പൂരപ്രേമികളും. 20ന്  പൂരത്തിന്റെ മുഖ്യ പങ്കാളിക്ഷേത്രങ്ങളായ തിരുവമ്പാടിയില്‍ രാവിലെ  11നും 11.30നും ഇടയിലും പാറമേക്കാവില്‍ രാവിലെ 11.30നുമാണു കൊടിയേറ്റം.
തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 8.30 മുതല്‍  തിരുവമ്പാടി രമേശ് മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം നടത്തും. തുടര്‍ന്നാണ് കൊടിയേറ്റച്ചടങ്ങുകള്‍.
തുടര്‍ന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് ഒരാനപ്പുറത്ത് തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് ഷൊര്‍ണൂര്‍ റോഡ് വഴി നായ്ക്കനാലിലെത്തി വടക്കുന്നാഥ ക്ഷേത്രമൈതാനത്തേക്കു കയറുമ്പോള്‍ ഉപചാര വെടിക്കെട്ടു നടക്കും. ശ്രീമൂലസ്ഥാനത്തു മേളം കൊട്ടിത്തീര്‍ന്ന് വൈകീട്ട് അഞ്ചോടെ പടിഞ്ഞാറെചിറയില്‍ ആറാട്ട്. തുടര്‍ന്നു ക്ഷേത്രത്തിലേക്കു മടങ്ങുമ്പോള്‍ പറയെടുപ്പ്.

പാറമേക്കാവില്‍ രാവിലെ 11നു വലിയപാണിക്കുശേഷം പുറത്തേക്കെഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിനിര്‍ത്തി ദേശക്കാര്‍ കൊടി ഉയര്‍ത്തും. തുടര്‍ന്നു ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികള്‍ ഉയര്‍ത്തും. പാറമേക്കാവ് കാശിനാഥന്‍ ഭഗവതിയുടെ തിടമ്പേറ്റും. ശേഷം അഞ്ചു ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്‌കരണി തീര്‍ഥക്കുളത്തില്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ആറാട്ടും നടക്കും. കൊടിയേറ്റം കഴിഞ്ഞുള്ള മേളത്തിനുശേഷം വെടിക്കെട്ടുമുണ്ടാകും.

പൂരത്തില്‍ പങ്കാളികളായ മറ്റു ഘടകക്ഷേത്രങ്ങളിലും 20നാണു കൊടിയേറുക. ഇതില്‍ ലാലൂര്‍, അയ്യന്തോള്‍ കാര്‍ത്യായനി ഭഗവതിക്ഷേത്രങ്ങളില്‍ രാവിലെയും ചെമ്പൂക്കാവ് കാര്‍ത്യായനി ക്ഷേത്രം, കിഴക്കുമ്പാട്ടുകര പനമുക്കുംപിള്ളി ശ്രീധര്‍മശാസ്താ ക്ഷേത്രം, ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ഭഗവതിക്ഷേത്രം, കണിമംഗലം ശാസ്താക്ഷേത്രം, ചൂരക്കോട്ടുകാവ് ശ്രീദുര്‍ഗാദേവി ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതിക്ഷേത്രം എന്നിവിടങ്ങളില്‍ വൈകീട്ട് ദീപാരാധനയ്ക്കുശേഷം വിവിധ സമയങ്ങളിലുമാണു കൊടിയേറ്റുക. അയ്യന്തോള്‍ ക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രിയും മേല്‍ശാന്തിയും ഒരുമിച്ചും മറ്റു ക്ഷേത്രങ്ങളില്‍ ദേശക്കാരും ചേര്‍ന്നാണു കൊടിയേറ്റുക.

Leave a Comment

Your email address will not be published. Required fields are marked *