Newsskerala

ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല’; അവഗണിച്ച നേതാവ് പിണറായി വിജയനല്ലെന്നും വിനോദിനി കോടിയേരി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നേരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കോടിയേരിയുടെ മരണശേഷം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തില്‍ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്ന് വിനോദിനി പറയുന്നു. നേതാക്കള്‍ കുടുംബത്തെ തിരിഞ്ഞുപോലും നോക്കിയില്ല. കേരളത്തില്‍ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നും വിനോദിനി കോടിയേരി ആരോപിക്കുന്നു. നാല് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും പറയുന്നു.
പ്രവര്‍ത്തകരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാന്‍ പോലും ആര്‍ക്കും തോന്നാത്ത ഒരു കാലമായി ഇതുമാറിയോയെന്നറിയില്ല. പ്രധാനപ്പെട്ട ഒരുകാര്യം പറയാന്‍ വേണ്ടി-ശുപാര്‍ശയ്ക്കൊന്നുമല്ല-പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാന്‍ വിളിച്ചിട്ടും ഫോണെടുത്തില്ല. തിരിച്ചുവിളിച്ചതുമില്ല. വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല. ആഭ്യന്തര മന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരിയുടെ മരണം നടന്ന് നാലുവര്‍ഷത്തിനിടയില്‍ എനിക്കുണ്ടായ അനുഭവമാണ് ചൂണ്ടിക്കാട്ടുന്നത്. കുടുംബത്തോടുള്ള സമീപനമാണ് പറയുന്നത്’, ‘പച്ചക്കുതിര’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *