ന്യൂഡല്‍ഹി: മധ്യപ്രദേശിലെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി. ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പത്രികയില്‍ നിന്ന് മറച്ചുവെച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. വിഷയം നേരിട്ട് സംസാരിക്കാന്‍ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞു. മധ്യപ്രദേശില്‍ ബിജെപി മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കാണാനെത്തിയിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തെത്തിയ ജയറാം രമേശിനെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. കോണ്‍ഗ്രസ് നേതാക്കളും സിഐഎസ്എഫ് തമ്മില്‍ തര്‍ക്കമുണ്ടായി. ഒരാളെ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ അനുവദിക്കാമെന്ന് പൊലീസ് പറഞ്ഞു. കെ സി വേണുഗോപാലിനും ഭൂപേഷ് ഭാഗലിനും അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്കി.
രണ്ട് അംഗങ്ങളെ ജയിപ്പിക്കാവുന്ന സംസ്ഥാനത്ത് ബിജെപി മൂന്നു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ നിര്‍ത്തിയതാണ് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുള്ളത്. ജൂണ്‍ 18 നാണ് രാജ്യസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നത്.














