ഡാളസ്: ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളോടെ ഫിഫ ലോകകപ്പില്‍ ഓസ്ട്രിയയെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി. ഡാല്ലസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് (2-0) അര്‍ജന്റീനയുടെ വിജയം. മത്സരത്തിന്റെ 38, 90+5 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോള്‍ നേട്ടം. ഈ വിജയത്തോടെ ഗ്രൂപ്പ് ജെ-യില്‍ നിന്ന് അര്‍ജന്റീന അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് പുറത്തേക്കടിച്ച് മെസ്സി ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ 38-ാം മിനിറ്റില്‍ ഫകുണ്ടോ മെദീനയുടെ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഗോളിലൂടെ മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോള്‍) റെക്കോര്‍ഡ് മെസ്സി തകര്‍ത്തു. പിന്നീട് മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ (90+5′) കൗണ്ടര്‍ അറ്റാക്കിലൂടെ രണ്ടാം ഗോളും നേടി മെസ്സി തന്റെ ആകെ ലോകകപ്പ് ഗോള്‍ നേട്ടം 18 ആയി ഉയര്‍ത്തി.
ഇരട്ട ഗോളോടെ മെസ്സിക്ക് ലോകറെക്കോര്‍ഡ്, അര്‍ജന്റീന ഓസ്ട്രിയയെ തകര്‍ത്തു
















