കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു സ്കൂള്‍ വിദ്യാര്ഥിയടക്കംമൂന്നുപേര്ക്ക് ദാരുണാന്ത്യം. അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. അതില്‍ ഒരാളുടെ നിലഗുരുതരമാണ്. ഒടുവട്ടൂര്‍ സ്വദേശി ഹരിലാല്‍ (54), കാര്‍മല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ പാര്‍ഥിപ് (15), അജയകുമാര്‍ (45) എന്നിവരാണ് മരിച്ചത്.
രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. മണ്ണ് കയറ്റി വന്ന ലോറി അമിതവേഗത്തില്‍ ഇറക്കം ഇറങ്ങിവരുമ്പോള്‍ ബൈക്കിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കുശാല്‍, ഋഷഭ് ബോബന്, നവനീത്, ജിബി മോള്, ടിപ്പര്‍ ഡ്രൈവര്‍ ചവറ സ്വദേശി നിസാം എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥിയാണ് ഗുരുതരാവസ്ഥയിലുള്ളതെന്നാണ് വിവരം.
ലോറിയില്‍ ഉണ്ടായിരുന്ന മണ്ണ് ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നവരുടെ മുകളിലേക്ക് മറിയുകയായിരുന്നു. ഇതിന് പുറമെ തകര്‍ന്ന ബസ് സ്റ്റോപ്പിന്റേയും മതിലിന്റേയുംഅവശിഷ്ടങ്ങളും ആളുകള്‍ക്ക് മേലേക്ക് പതിച്ചു. രാവിലെ എഴ് മണിക്ക് വരുന്ന ബസിനായിട്ടാണ് ആളുകള്‍ കാത്ത് നിന്നിരുന്നത്.
















