കുന്നംകുളം: ദക്ഷിണേന്ത്യന്‍ സി.ബി.എസ്.ഇ. സ്‌കൂളുകളുടെ തെയ്ക്വാന്‍ഡോ മത്സരത്തിനിടെ തലയടിച്ചുവീണ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി മതിലകം വള്ളത്തുപടി അബ്ദുള്‍ ജലാലിന്റെ മകന്‍ ഫയാസ് അബ്ദുള്‍ ജലാലിനാണ് (17) പരിക്കേറ്റത്. മഹാരാഷ്ട്രയിലെ ചന്ദ്രാപുരില്‍ ഓഗസ്റ്റ് മൂന്നിനായിരുന്നു മത്സരം.സ്വകാര്യഭാഗത്ത് കിക്ക് കൊണ്ട ഫയാസ് അവശനായി മത്സരം നിര്‍ത്താന്‍ അടയാളം കാണിക്കുന്നതിനിടെ മുഖത്ത് ഇടിയേല്‍ക്കുകയും തലയടിച്ചുവീഴുകയുമായിരുന്നു. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് തലയോട്ടി പൊട്ടി അകത്ത് രക്തം കട്ടപിടിച്ചതായി കണ്ടത്.തുടര്‍ചികിത്സയ്ക്ക് അവിടെ സൗകര്യം കുറവായതിനാല്‍ നാഗ്പുരില്‍നിന്ന് 17 ലക്ഷം രൂപ ചെലവില്‍ എയര്‍ ആംബുലന്‍സില്‍ എത്തിച്ച വിദ്യാര്‍ഥി എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇപ്പോള്‍ അപകടനില തരണം ചെയ്തു.
മത്സരത്തില്‍ നിയമലംഘനം നടന്നതായും വേദിയില്‍ മതിയായ സൗകര്യമില്ലായിരുന്നുവെന്നും വീഡിയോയില്‍ വ്യക്തമാകുന്നുണ്ടെന്ന് തെയ്ക്വാന്‍ഡോ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ദേശീയ റഫറിയുമായ കെ.എല്‍. മഹേഷ് പറയുന്നു. സ്വകാര്യ ഭാഗത്ത് കിക്ക് ചെയ്യുന്നതു കണ്ട റഫറി എതിരാളിക്ക് ഫൗള്‍ വിളിച്ച് മത്സരം നിര്‍ത്തേണ്ടതായിരുന്നു. സ്‌കൂളില്‍നിന്ന് വിദ്യാര്‍ഥിക്കൊപ്പം തെയ്ക്വാന്‍ഡോ പരിശീലകന്‍ പോകാതിരുന്നതും വീഴ്ചയാണെന്നും അദ്ദേഹം പറയുന്നു. ഫയാസിന്റെ രക്ഷിതാക്കള്‍ സി.ബി.എസ്.ഇ. ചെയര്‍മാന് പരാതി നല്‍കി. ദുബായിലായിരുന്ന ഫയാസ് ഈ വര്‍ഷമാണ് അന്‍സാര്‍ സ്‌കൂളില്‍ ചേര്‍ന്നത്.











