ബൊഗോട്ട: പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 150 ആയി. ദുരന്തത്തില്‍ ഇതുവരെ 98 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ വ്യക്തമാക്കി. ചോക്കോ പ്രവിശ്യയില്‍ ഭൂനിരപ്പില്‍ നിന്നും 103 കിലോമീറ്റര്‍ ആഴത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യന്‍ സമയം ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് അനുഭവപ്പെട്ടത്. പടിഞ്ഞാറന്‍ കൊളംബിയയിലെ സാന്‍ ഹോസെ ദെല്‍ പാല്‍മാര്‍ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സേനയുടെ നേതൃത്വത്തില്‍ ഊര്‍ജിത തെരച്ചില്‍ തുടരുകയാണ്. ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.











