തൃശ്ശൂര് : കൊടുങ്ങല്ലൂരില് 18കാരന് ജീവനൊടുക്കിയ സംഭവത്തില് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. 18 കാരന് മുഹമ്മദ് അസ്ലമിന്റെ മരണത്തിന് ഉത്തരവാദി പൊലീസാണെന്നും വ്യാജ കേസ് എടുത്തതിലും പൊലീസ് മര്ദ്ദനത്തിലും മനംനൊന്താണ് മകന് ജീവനൊടുക്കിയതെന്നും കുറ്റക്കാര്ക്കെതിരെ നടപടിയെടുക്കണമെന്നും അച്ഛന് നൗഷാദ് ആവശ്യപ്പെട്ടു.
അസ്ലമുമായുള്ള ബന്ധത്തെ എതിര്ത്ത പെണ്കുട്ടിയുടെ കുടുംബം പൊലീസിനെ സ്വാധീനിച്ച് മക്കളെ രണ്ട് പേരെയും കസ്റ്റഡിയിലെടുപ്പിച്ചു. പെണ്കുട്ടിയെ ഭീഷണിപ്പെടുത്തി സ്വര്ണ്ണവും പണവും കൈക്കലാക്കിയെന്ന കള്ളക്കേസില് മക്കളെ കുടുക്കി. പൊലീസ് സ്റ്റേഷനില് വെച്ച് ഇളയ മകനെ മൃഗീയമായി മര്ദ്ദിച്ചു. അനിയനെ മര്ദ്ദിക്കുന്നത് കണ്ട് മൂത്ത സഹോദരന് സഹല് കുറ്റം സമ്മതിച്ചു. ഇതോടെ ഇരുവരെയും പ്രതിചേര്ത്ത് എഫ്ഐആര് ഇട്ടു. മൂന്ന് ദിവസം അന്യായമായി കസ്റ്റഡിയില് വച്ച് ക്രൂരമായി മര്ദ്ദിച്ചു. ഫോട്ടോയില് കണ്ട ഇന്നോവ കാര് മകന്റെ സുഹൃത്തിന്റെ സഹോദരി വാങ്ങിയതാണ്. അവരാണ് ഇപ്പോഴും കാറിന്റെ ആര്സി ഓണര് .
സെപ്റ്റംബര് 29ന് ആദ്യം ജൂവനൈല് ജസ്റ്റിസ് ബോര്ഡിന് മുന്നാകെ അസ്ലമിനെ ഹാജരാക്കി. ഒക്ടോബര് 4 നാണ് ജൂവനൈല് ജസ്റ്റിസ് ബോര്ഡില് നിന്ന് അസ്ലമിന് ജാമ്യം ലഭിക്കുന്നത്. ഒക്ടോബര് ആറിന് വീടിന്റെ ടെറസില് ട്രസ്സ് വര്ക്ക് ചെയ്ത കമ്പിയില് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മകന്റെ ആത്മഹത്യയില് പോലീസ് ഇതുവരെ മൊഴിയെടുക്കാന് എത്തിയിട്ടില്ല. മൂത്തമകന് സഹല് ഇപ്പോഴും റിമാന്ഡില് തുടരുകയാണെന്നും നൗഷാദ് വ്യക്തമാക്കി











