Newsskerala

ഒപ്പ് പിതാവ് ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന്  ഫൊറന്‍സിക് റിപ്പോര്‍ട്ട്

കൊട്ടാരക്കര: വില്‍പ്പത്രക്കേസില്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് ആശ്വാസമായി ഫൊറന്‍സിക് റിപ്പോര്‍ട്ട്. വില്‍പത്രത്തിലെ ഒപ്പ് പിതാവ് ആര്‍. ബാലകൃഷ്ണ പിള്ളയുടേതെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഗണേഷ്‌കുമാര്‍ വില്‍പ്പത്രം വ്യാജമായി നിര്‍മ്മിച്ചു എന്നായിരുന്നു ആരോപണം. അച്ഛന്‍ ബാലകൃഷ്ണപിള്ളയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ഗണേഷ് കുമാര്‍ ശ്രമിച്ചു എന്നായിരുന്നു കേസ്. സഹോദരി ഉഷാ മോഹന്‍ദാസ് ആയിരുന്നു പരാതിക്കാരി.

കൊട്ടാരക്കര മുന്‍സിഫ് കോടതി വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നല്‍കിയിരുന്നു. ഇന്നലെ ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. ഈ ഒപ്പുകളെല്ലാം ആര്‍. ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് കണ്ടെത്തല്‍.

ആര്‍. ബാലകൃഷ്ണപിള്ള നേരത്തെ ബാങ്കിടപാടുകളില്‍ നടത്തിയ ഒപ്പുകള്‍, കേരള മുന്നോക്ക ക്ഷേമ കോര്‍പറേഷനില്‍ ചെയര്‍മാന്‍ ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകള്‍, തിരഞ്ഞെടുപ്പുകള്‍ക്ക് നോമിനേഷന്‍ നല്‍കിയപ്പോഴുള്ള ഒപ്പുകള്‍ എന്നിവ ഫൊറന്‍സിക് സംഘം പരിശോധിച്ചു. അങ്ങനെയാണ് വില്‍പത്രത്തിലെ ഒപ്പും എല്ലാം ഒന്നാണെന്ന് കണ്ടെത്തിയത്.

ഈ തര്‍ക്കത്തിന്റെ പേരിലാണ് ആദ്യ രണ്ടര വര്‍ഷം മന്ത്രി സ്ഥാനത്തു നിന്ന് കെ.ബി.ഗണേഷ്‌കുമാറിനെ മാറ്റി നിര്‍ത്തിയത്. മുഖ്യമന്ത്രിയ്ക്ക് ഉഷാ മോഹന്‍ദാസ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മന്ത്രി സ്ഥാനം നല്‍കാന്‍ മുഖ്യമന്ത്രിയും ആദ്യം മടിച്ചത്. പിന്നീട് ഘടകകക്ഷികളുടെ ധാരണപാലിക്കാന്‍ ഇടതുമുന്നണി തയാറായപ്പോഴാണ് രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രി സ്ഥാനം ഗണേഷ്‌കുമാറിനു ലഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *