Newsskerala

ശബരിമല മില്‍മ നെയ് വില്‍പ്പനയില്‍ ഗുരുതര ക്രമക്കേടെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മില്‍മയുടെ നെയ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. നെയ് സപ്ലൈ ചെയ്യുന്നതിന് 70 ദിവസത്തെ സമയമുണ്ടായിട്ടും കൃത്യമായി ടെന്‍ഡര്‍ ക്ഷണിക്കാതെ ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് പ്രധാന കണ്ടെത്തല്‍. നെയ് ഇടപാടിനുള്ള അപേക്ഷ ക്ഷണിച്ചത് നിയമവിരുദ്ധമായാണെന്നും, കൂടുതല്‍ ആളുകളുടെ അപേക്ഷ ലഭിക്കാനാണ് ടെന്‍ഡര്‍ ഒഴിവാക്കിയതെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടുതവണ ഈ ടെന്‍ഡര്‍ ഒഴിവാക്കി സീല്‍ഡ് ടെന്‍ഡറാക്കി മാറ്റുകയായിരുന്നു.

ഒരു ടിന്‍ നെയ് എത്തിക്കുന്നതിന് കരാറുകാരന്‍ അസാധാരണമായ വിലക്കുറവാണ് കോട്ട് ചെയ്തത്. മറ്റ് സ്ഥാപനങ്ങള്‍ 81 രൂപയും 48 രൂപയും ചെലവ് കണക്കാക്കിയപ്പോള്‍, കരാര്‍ ലഭിച്ച കമ്പനി കോട്ട് ചെയ്തത് വെറും 18 രൂപ മാത്രമാണ്. ഇത് കടുത്ത ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കരാര്‍ കിട്ടിയ കമ്പനിക്ക് 1,65,000 ലിറ്റര്‍ നെയ്ക്ക് ഓര്‍ഡര്‍ ലഭിച്ചെങ്കിലും സപ്ലൈ ചെയ്തത് 1,56,010 ലിറ്റര്‍ നെയ്യാണ്. ശബരിമലയിലേക്ക് ആകെ തയ്യാറാക്കേണ്ടത് 30 ബാച്ച് നെയ്യാണെങ്കിലും രേഖകളില്‍ ആകെ 6 ബാച്ച് നമ്പറുകള്‍ മാത്രമാണുള്ളതെന്നാണ് കണ്ടെത്തല്‍.

Leave a Comment

Your email address will not be published. Required fields are marked *