ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരം നടക്കുന്ന ജന്തര്‍ മന്തറില്‍ സംഘര്‍ഷം. നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. 21 ദിവസമായി നിരാഹാരം തുടരുകയായിരുന്നു സോനം വാങ്ചുക്ക്. സിജെപി പ്രവര്‍ത്തകരുടെ എതിര്‍പ്പ് അവഗണിച്ചാണ് നടപടി. സമരവേദിയില്‍ വച്ച് സോനം വാങ്ചുകിനെ ഒരു സംഘം ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് അഭിജിത്ത് ദീപകെ ആരോപിച്ചു.
സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം ജന്തര്‍ മന്ദറില്‍ എത്തിയിരുന്നു. ആര്‍എംഎല്‍, സഫ്ദര്‍ജംഗ് ആശുപത്രിയിലെ വിദഗ്ധരുടെ സംഘമാണ് എത്തിയത്. പരിശോധിക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ മാത്രമേ പരിശോധന അനുവദിക്കു എന്ന് സിജെപി പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. സര്‍വ സജ്ജത്തോടെയായിരുന്നു ഡല്‍ഹി പൊലീസ് പ്രതിഷേധ സ്ഥലത്തേക്ക് എത്തിയത്.
സോനം വാങ്ചുക്കിനെ മാറ്റുന്ന ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ കര്ട്ടന് ഉപയോഗിച്ച് മറച്ചായിരുന്നു ഡല്‍ഹി പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. സോനം വാങ്ചുക്കിനെ മാറ്റിയതോടെ ഡല്‍ഹി പൊലീസിനെതിരെ പ്രതിഷേധവുമായി സിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.









