Newsskerala

വടക്കുന്നാഥനില്‍ കര്‍ക്കിടക മഴയില്‍നനഞ്ഞ് ‘കരിനിര ‘ ആനയൂട്ട് കണ്ട് മനം നിറഞ്ഞ് ആയിരങ്ങള്‍

തൃശ്ശൂര്‍: മിഥുനത്തില്‍ മാറി നിന്ന വര്‍ഷമേഘങ്ങള്‍ കോരിച്ചൊരിഞ്ഞു പെയ്ത കര്‍ക്കിടകത്തില്‍ വടക്കുന്നാഥന്റെ അമ്പലവട്ടത്ത് ആനയൂട്ടിന് ആയിരങ്ങള്‍ സാക്ഷിയായി. മഴയുടെ കുളിരേറ്റ് വടക്കുന്നാഥന്റെ  ദേവപ്രസാദം സേവിക്കാന്‍ ഇത്തവണ 49 ആനകളെത്തി. വടക്കുന്നാഥന്റെ മതില്‍ക്കകത്ത് തെക്കേഗോപുരത്തിന് മുന്നിലാണ് ശില്പചാരുതയോടെ ഗജകേസരികള്‍ നിരയൊത്ത് അണിനിരന്നത്.
പിടിയാന തിരുവമ്പാടി ലക്ഷ്്മിക്കുട്ടിക്ക് വടക്കുന്നാഥന്‍ മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് തുടക്കമായി. ഇത്തവണ 9 പിടിയാനകള്‍ ആനയൂട്ടിനെത്തിയത് പുതുമയായി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ രാജശേഖരന്‍, കുട്ടന്‍കുളങ്ങര അര്‍ജുനന്‍, പുതുപ്പള്ളി കേശവന്‍, പുതുപ്പള്ളി സാധു, പാമ്പാടി സുന്ദരന്‍, ഊക്കന്‍ കുഞ്ചു, കൊച്ചിന്‍ ദേവസ്വം എറണാകുളം ശിവകുമാര്‍, പാറമേക്കാവ് കാശിനാഥന്‍ തുടങ്ങിയ തലയെടുപ്പുള്ള കൊമ്പന്‍മാര്‍ ആനയൂട്ടിനെത്തി.   500 കിലോ അരിയുടെ ചോറാണ് ഔഷധക്കൂട്ടും, മഞ്ഞള്‍പ്പൊടിയും, അഷ്ടദ്രവ്യമഹാഗണപതിഹോമം പ്രസാദവും കലര്‍ത്തി ഉരുളകളാക്കി ആനകള്‍ക്ക് നല്‍കിയത്. ഓരോ ആനയ്ക്കും പത്ത് ഉരുളകള്‍ വീതം നല്‍കി.അഷ്ടചൂര്‍ണ്ണവും പ്രത്യേക മരുന്നുകളും പ്രത്യേകം നല്‍കി.

ആപ്പിള്‍, മുന്തിരി, കരിമ്പ്, റോബസ്റ്റ, ചെറുപഴം, തണ്ണിമത്തല്‍, കക്കരിക്ക തുടങ്ങി വിഭവസമൃദ്ധമായിരുന്നു ആനകള്‍ക്കുള്ള ഊട്ട്. പഴഇനങ്ങള്‍ ഓരോന്നും 500 കിലോയോളം എത്തിച്ചിരുന്നു..   കൂടാതെ പത്തുപട്ടവീതം നല്‍കി. കൂടാതെ എല്ലാ ആനകള്‍ക്കുമായി രണ്ടായിരം കിലോ പുല്ലും എത്തിച്ചിരുന്നു.

ആനയൂട്ടിന് മുന്നോടിയായി പുലര്‍ച്ചെ മഹാഗണപതിഹോമവും നടത്തി. 10008 നാളികേരം, 2000 കിലോ അവില്‍, 2000 കിലോ ശര്‍ക്കര, 350 കിലോ മലര്‍, 60 കിലോ എള്ള്, 50 കിലോ തേന്‍ എന്നിവ ഹോമിച്ചു. കരിമ്പ്, ഗണപതി നാരങ്ങ മുന്തിരി, കല്‍കണ്ടം, ചുക്ക് പൊടി, ജീരക പൊടി എന്നിവയും ഹോമാഗ്നിയില്‍ അര്‍പ്പിച്ചു. പുലര്‍ച്ചെ അഞ്ചിനായിരുന്നു മഹാഗണപതിഹോമം തുടങ്ങിയത്.

കായിക, യുവജനക്ഷേമമന്ത്രി ഒ.ജെ.ജെനീഷ്. രാജന്‍ പല്ലന്‍ എംഎല്‍എ, മേയര്‍ ഡോ.നിജി ജസ്റ്റിന്‍, ഡെപ്യൂട്ടി മേയര്‍ എ.പ്രസാദ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ.രവീന്ദ്രന്‍, മെമ്പര്‍ അജയന്‍, കളക്ടര്‍ ശിഖാ സുരേന്ദ്രന്‍ എന്നിവരും ആനയൂട്ടില്‍ പങ്കെടുത്തു. വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ആനയൂട്ടും, പതിനായിരത്തിയെട്ട് നാളികേരളം കൊണ്ടുള്ള അഷ്ടദ്രവ്യമഹാഗണപതിഹോമവും നടത്തിയത്.  പോലീസ് കമ്മീഷണര്‍ നകുല്‍ ആര്‍. ദേശ്മുഖിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം തിരക്ക് നിയന്ത്രിച്ചു.

Leave a Comment

Your email address will not be published. Required fields are marked *