Newsskerala

മഞ്ഞുമ്മല്‍ ബോയ്‌സ്,വേട്ടയ്യൻ, മാട്രാന്‍, സൂക്ഷ്മദര്‍ശിനി മിന്നും താരങ്ങൾ

തൃശൂര്‍: മഞ്ഞുപെയ്യും രാവില്‍ കണ്‍കുളിരും കാഴ്ചയായി വിപണിയില്‍ ക്രിസ്മസ് നക്ഷത്രങ്ങളൊരുങ്ങി. മണ്ണിലെ മിന്നും താരമാകാന്‍ ഇക്കുറി എല്‍.ഇ.ഡിയിലും, നിയോണിലുമായി പുതുമോഡല്‍ നക്ഷത്രങ്ങളും വിപണിയില്‍ സജ്ജമായി. മൊബൈലില്‍ തെളിയിക്കുന്ന നക്ഷത്രങ്ങളോടാണ് പുതുതലമുറക്കാര്‍ക്ക് പ്രിയം. വേട്ടയ്യന്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, മാട്രാന്‍, സൂക്ഷ്മദര്‍ശിനി,  തുടങ്ങിയ സിനിമകളുടെ പേരിട്ട നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. കാലം തെറ്റി പെയ്യുന്ന മഴയെ മുന്നില്‍ കണ്ട് ഇക്കുറി പ്ലാസ്റ്റിക് നക്ഷത്രങ്ങള്‍ക്കും വന്‍ ഡിമാന്റുണ്ട്. ഡിജിറ്റല്‍ സാധ്യത പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച നക്ഷത്രങ്ങളും, കടലാസ് നക്ഷത്രങ്ങളും, വാല്‍നക്ഷത്രങ്ങളും വിപണിയില്‍ കൗതുകക്കാഴ്ചയാണ്. 10 രൂപ മുതല്‍ 3,000 രൂപ വരെ വിലയുള്ള നക്ഷത്രങ്ങള്‍ വിപണിയിലുണ്ട്. ചൂരല്‍ നക്ഷത്രത്തിന് 2,850 രൂപയാണ് വില. വെല്‍വെറ്റ് തിളക്കമുള്ള നക്ഷത്രങ്ങള്‍ക്ക് 250 രൂപയും, നിയോണ്‍ നക്ഷത്രങ്ങള്‍ക്ക് 500 രൂപയും വിലയുണ്ട്. മുളയില്‍ നിര്‍മ്മിച്ച സ്റ്റാറുകള്‍ക്ക് 650 രൂപ വരെ വില ഈടാക്കുന്നു.
വിവിധാകൃതിയുള്ള പുല്‍ക്കൂടുകള്‍, ഉണ്ണിയേശുവിന്റെയും മാലാഖമാരുടെയും പല വലിപ്പത്തിലുള്ള പ്രതിമകള്‍,  ക്രിസ്തുമസ് ട്രീകള്‍, സാന്താക്ലോസിന്റെ തൊപ്പിയും, മുഖംമൂടികളും, വസ്ത്രങ്ങളും, പല നിറങ്ങളിലുള്ള വിവിധ അലങ്കാരവസ്തുക്കള്‍ എന്നിവരും വിപണിയിലുണ്ട്. പ്രതിമകളുടെ സെറ്റിന് 120 രൂപയാണ് കുറഞ്ഞവില. ക്രിസ്മസ് ട്രീകളും, എല്‍.ഇ.ഡിയിലുള്ള മാലബള്‍ബുകളും പല രൂപത്തിലുണ്ട്. പുത്തന്‍പള്ളിയുടെ പരിസരപ്രദേശങ്ങളാണ് നഗരത്തിലെ പ്രധാന ക്രിസ്മസ് വിപണി. മഴ മാറി മാനം തെളിഞ്ഞതോടെ അടുത്ത ദിവസങ്ങളില്‍ തിരക്കേറുമെന്ന കേരള ഫാന്‍സി ഉടമ ഷെബീര്‍ പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *