തൃശൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര 22ന് ജില്ലയിലെത്തും. 22ന് നാലുമണിക്ക് ജില്ലാ അതിർത്തിയായ ചിറങ്ങരയിൽ നേതാക്കൾ യാത്രയെ സ്വീകരിക്കും. ചിറങ്ങരയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ചാലക്കുടി, കൊടകര പുതുക്കാട്, ആമ്പല്ലൂർ, ഒല്ലൂർ, കുരിയച്ചിറ, തൃശൂർ, വടക്കാഞ്ചേരി, ഓട്ടുപാറ, വാഴക്കോട്, മുള്ളൂർക്കര, ചെറുതുരുത്തി എന്നീ സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 22ന് വൈകിട്ട് ഏഴുമണിക്ക് ചാലക്കുടിയിൽ സമ്മേളനത്തോടെ സമാപിക്കും. 23ന് വിശ്രമ ദിനമാണ്.
24ന് ചാലക്കുടിയിൽ നിന്നും രാവിലെ 7 മണിക്ക് ആരംഭിക്കുന്ന പദയാത്ര കൊടകര വഴി രാവിലെ 11 മണിക്ക് ആമ്പല്ലൂരിൽ സമാപിക്കും. വൈകുന്നേരം 4 മണിക്ക് ആമ്പല്ലൂരിൽ നിന്നും ആരംഭിക്കുന്ന പദയാത്ര ഒല്ലൂർ, കുരിയച്ചിറ വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിലൂടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തെക്കേഗോപുര നടയിൽ സമ്മേളനത്തോടെ 24 ലെ പദയാത്ര സമാപിക്കും.
24ന് ഉച്ചക്ക് 12.30ന് രാമനിലയത്തിൽ വച്ച് രാഹുൽ ഗാന്ധി മത സാമുദായിക നേതാക്കളും പൗരപ്രമുഖരുമായും 2.30ന് സാഹിത്യ അക്കാഡമിയിൽ കലാ സാംസ്കാരിക പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. 25ന് രാവിലെ ഏഴുമണിക്ക് തൃശൂരിൽ നിന്നും പദയാത്ര ആരംഭിച്ച് മുളങ്കുന്നത്തുകാവ് വഴി വടക്കാഞ്ചേരിയിൽ 11 മണിക്ക് എത്തിച്ചേരും. 25ന് വൈകിട്ട് നാലുമണിക്ക് വടക്കാഞ്ചേരിയിൽ നിന്നും ആരംഭിക്കുന്ന പദയാത വെട്ടിക്കാട്ടിരി സെൻററിൽ എത്തിച്ചേർന്ന് ഏഴു മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തോടുകൂടി തൃശൂർ ജില്ലയിലെ യാത്ര സമാപിക്കും. 25ന് ഉച്ചക്ക് 12.30ന് കിലയിൽ സ്വാതന്ത്ര സമര പോരാളികളുമായും സൈനിക ഭടന്മാരുമായും രാഹുൽ കൂടിക്കാഴ്ച നടത്തും.
വിവിധ പൊതുസമ്മേളനങ്ങളിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, കെ.സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, താരിഖ് അൻവർ, ദിഗ് വിജയ് സിംഗ്, ജയറാം രമേശ്, ബി.വി ശ്രീനിവാസ് തുടുങ്ങിയവർ പങ്കെടുക്കും.
20 ന് പദയാത്രയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ജില്ലയിലുട നീളം വിളംബര ജാഥ നടത്തുമെന്ന് ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ പറഞ്ഞു.
ടി.എൻ പ്രതാപൻ എംപി, പത്മജ വേണുഗോപാൽ, അനിൽ അക്കര, ജോസഫ് ചാലിശേരി, ഒ. അബ്ദുറഹ്മാൻ, പി.എ. മാധവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.