തിരുവനന്തപുരം: ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്ത്് നിന്ന്് നീക്കി. ഇന്നലെ ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. പകരം ചുമതല ടി.പി.രാമകൃഷ്ണന് നല്കി.
ബി.ജെ.പിയുമായുള്ള വഴിവിട്ട ബന്ധത്തിന്റെ വിവാദത്തിന്റെ പേരിലാണ്് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇ.പി കണ്ണൂരിലേക്ക് പോയി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയാണ് ഇ.പി.ജയരാജന്.
കേരളത്തിന്റെ ചുമതയുള്ള ബി.ജെ.പി നേതാവും, കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറുമായി ഇ.പി. ജയരാജന് നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ബി.ജെ.പി പ്രവേശനത്തില്‍ ഇ.പിയുമായി മൂന്ന്്് വട്ടം ചര്‍ച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്.
പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നതെന്നുമായിരുന്നു വിഷയത്തില്‍ ഇ.പിയുടെ വിശദീകരണം.
ഇ.പി.യുടെ ബി.ജെ.പി ബന്ധം ലോക്്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടിങ് നടന്ന ഏപ്രില്‍ 26-ന് രാവിലെയാണ് സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ടുള്ള ഇ.പി. ജയരാജന്റെ പ്രതികരണമുണ്ടായത്. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയനേതാവ് പ്രകാശ് ജാവദേക്കറെ താന്‍ കണ്ടുവെന്നാണ് ജയരാജന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി പറഞ്ഞത്. ആക്കുളത്തെ മകന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ഇ.പി. പറഞ്ഞിരുന്നു.
ഇതിനെതിരെ വലിയ വിമര്‍ശനമാണ് സി.പി.എമ്മില്‍ ഉയര്‍ന്നത്. ഇ.പി. ജയരാജന്റെ വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷമായ ഭാഷയില്‍ പരസ്യവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് തന്നെ രംഗത്തെത്തിയിരുന്നു. ജയരാജന് ജാഗ്രതക്കുറവുണ്ടായെന്നും ‘പാപിയുടെ കൂടെ ശിവന് കൂടിയാല്‍ ശിവനും പാപിയായിടു’മെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്.
ഇ.പി. ജയരാജന് ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ആരോപണത്തിന് പിന്നാലെ ഇതിന് തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട് ദല്ലാള്‍ നന്ദകുമാര്‍ രംഗത്തെത്തിയിരുന്നു.. ജയരാജന് ജാവദേക്കറെ കണ്ടുവെന്നും ഇടതിന്റെ സഹായമുണ്ടെങ്കില്‍ ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന് അദ്ദേഹം ജയരാജനോട് പറഞ്ഞുവെന്നുമാണ് നന്ദകുമാര്‍ പറഞ്ഞത്.
പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം ഇന്ന്്് നടക്കുന്ന സി.പി.എം. സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെയാണ് ഇ.പി. ജയരാജന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് മടങ്ങിയത്.