തൃശൂര്‍: തൃശൂര്‍ പൂരത്തിനൊരു മാജിക് പരിവേഷമുണ്ടെന്ന് പ്രശസ്ത ചലച്ചിത്ര രചയിതാവും, സംവിധായകനുമായ സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടു. അന്തിക്കാട്ടെ വീട്ടില്‍ തൃശൂര്‍ പൂരത്തിന്റെ ഓര്‍മ്മകള്‍ പങ്കിടുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ പൂരം ജാതി,മത വേര്‍തിരിവുകളില്ലാതെ മനസ്സുകളെ ഒന്നിപ്പിക്കുന്നു. തൃശൂര്‍ പൂരത്തിന്റെ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നാല്‍ മനസ്സിലെ മാലിന്യങ്ങളെല്ലാം അകലും, പോസറ്റീവ് എനര്‍ജി ലഭിക്കും. പൂരലഹരിയില്‍ നാം നമ്മളെത്തന്നെ മറക്കുന്നു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമാണ് തൃശൂര്‍ പൂരം. പത്ത് വര്‍ഷം മുന്‍പ് തൊട്ടടുത്ത് നിന്ന് ഇലഞ്ഞിത്തറ മേളം ആസ്വദിച്ചതിന്റെ അനുഭവവും അദ്ദേഹം പങ്കുവെച്ചു. അന്ന് അടഞ്ഞ ചെവി മൂന്നാം ദിവസമാണ് തുറന്നതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. തൃശൂര്‍ പൂരത്തിന്റെ ആസ്വാദ്യത പണ്ട് കാലത്തായിരുന്നു. ഇപ്പോള്‍ ചാനലുകളിലാണ് ശരിക്കും പൂരം. തൃശൂര്‍ക്കാര്‍ക്ക് ഓണവും, വിഷുവുമല്ല പൂരമാണ് ആഘോഷം. ആള്‍ക്കൂട്ടത്തില്‍ ഒരാളായി നില്‍ക്കാനാണ് ഇഷ്ടം. മുന്‍പൊക്കെ പകല്‍പുരം കാണാന്‍ കുടുംബസമേതം എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.