കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി എസ്ഐടി. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയാ സംഘത്തലവന് കേസിലെ പ്രതികളുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇയാള്‍ വയനാട് സ്വദേശിയാണ്. വയനാട് സ്വദേശി വിവിധ കേസുകളില്‍ പങ്കാളി എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാളെ പ്രതികൂടാന്‍ അന്വേഷണ സംഘം വലവിരിച്ചുകഴിഞ്ഞു. പ്രതികളായ അധ്യാപികമാര്‍ക്ക് എംഡിഎംഎ മാഫിയാ തലവനുമായി നേരിട്ട് ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തി. അതേസമയം, കേസില്‍ വിദ്യാഭ്യാസ വകുപ്പ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. നാലംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. എസ്എസ്‌കെ സ്റ്റേറ്റ് അഡീഷണല്‍ പ്രൊജക്ട് ഡയറക്ടറാണ് അന്വേഷണ തലവന്‍. പേരാമ്പ്ര ബിആര്‍സിയിലും സമീപ ബിആര്‍സികളിലും സമിതി അന്വേഷണം നടത്തും. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും സമിതിക്ക് നിര്‍ദേശമുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ട് വഴി പണം സ്വീകരിക്കുന്ന രീതിയാണ് കേസില്‍ പരീക്ഷിച്ചിരുന്നത്. ഒരു അക്കൗണ്ടിലേക്ക് മാത്രം നൂറിലേറെ പേരാണ് പണം അയച്ചിട്ടുള്ളത്. ലഹരിയുടെ മുഖ്യവിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനോട് പങ്കുവയ്ക്കാന്‍ അറസ്റ്റിലായ കാവ്യ, കീര്‍ത്തന, നീഷ്മ എന്നീ അധ്യാപകര്‍ തയാറായിട്ടില്ല.








