തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിയിലും അതൃപ്തി. മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരന്, പി.എസ് ശ്രീധരന് പിള്ള അടക്കമുള്ളവര്‍ക്ക് ഇനിയും സീറ്റ് ആയില്ല. കൊടുങ്ങല്ലൂര്‍ ആഗ്രഹിച്ചിട്ട് കിട്ടാത്തതില്‍ ബി.ഗോപാലകൃഷ്ണന് രോഷത്തിലാണ്. എം.ടി രമേശിന്റ പിന്മാറ്റത്തിന് കാരണം തൃശൂര്‍ കിട്ടാത്തതെന്നു സൂചന. ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്, കെ സുരേന്ദ്രന്, ശോഭ സുരേന്ദ്രന് അടക്കമുള്ളവരുടെ പേരുകളാണ് പുറത്തുവന്ന പ്രധാന നേതാക്കള്‍. എന്നാല്‍ ഇതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. പിഎസ് ശ്രീധരന് പിള്ള കടുത്ത പോരാട്ടം നടത്തിയിട്ടുള്ള ചെങ്ങന്നൂരില്‍ മറ്റൊരു സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്. സന്ദീപ് വചസ്പതിയടക്കമുള്ളവരെ പരിഗണിച്ചില്ലെന്ന തര്‍ക്കവും ഉയരുന്നുണ്ട്. ആറന്മുളയില് സജീവ പ്രവര്‍ത്തനം നടത്തിയിരുന്ന കുമ്മനം രാജശേഖരന്റെ പേരും പട്ടികയില്‍ ഇല്ല. തിരഞ്ഞെടുപ്പ് രംഗത്തേക്കില്ലെന്നും സംഘടനാ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്നും എംടി രമേശും അറിയിച്ചിരുന്നു. തൃശൂരും കോഴിക്കോട് നോര്‍ത്തും എംടി രമേശിനെ പരിഗണിച്ചിരുന്നെങ്കിലും സീറ്റ് നല്‍കിയിട്ടില്ല.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിയിലും തര്‍ക്കം;














