കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രാതിനിധ്യമാണു മന്ത്രിസഭയില്‍ ഇത്തവണ എറണാകുളം ജില്ലയ്ക്ക്. മുഖ്യമന്ത്രിയും മൂന്നു മന്ത്രിമാരും ഉള്‍പ്പെടെ നാലുപേര്‍ പുതിയ മന്ത്രിസഭയില്‍ ജില്ലയുടെ പ്രതിനിധികളായി ഉണ്ടാകും. ഇതില്‍ മൂന്നുപേരും ആദ്യമായാണു മന്ത്രിക്കസേരയില്‍. ആറ് ടേമായി നിയമസഭയില്‍ ഉണ്ടായിരുന്നിട്ടും വി.ഡി. സതീശന്‍ ആദ്യമായാണു മന്ത്രിസഭയിലെത്തുന്നത്. അതും മുഖ്യമന്ത്രിയായി. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍നിന്ന് അനൂപ് ജേക്കബ് രണ്ടാം തവണയാണു മന്ത്രിയാകുന്നത്. 2016-ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്നു. മൂന്നാംവട്ടവും അങ്കമാലിയില്‍നിന്നു ജയിച്ച റോജി എം.ജോണ്‍, മുസ്ലിം ലീഗിന്റെ കളമശേരി എംഎല്‍എ വി.ഇ. അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ജില്ലയില്‍നിന്നുള്ള മറ്റ് മന്ത്രിമാര്‍. ഇരുവരും ആദ്യമായാണു മന്ത്രിസഭയില്‍ എത്തുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ ജില്ലയില്‍നിന്ന് പി. രാജീവ് മാത്രമാണ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ജില്ലയില്‍നിന്ന് ആരും ഉണ്ടായിരുന്നില്ല. 2011 ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വി.കെ. ഇബ്രാഹിംകുഞ്ഞും അനൂപ് ജേക്കബും മന്ത്രിമാരായിരുന്നു. 2006 വി.എസ്. മന്ത്രിസഭയില്‍ ജോസ് തെറ്റയിലും എസ്. ശര്‍മയും ജില്ലയില്‍നിന്നുള്ള മന്ത്രിമാരായി. 2004-ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഡൊമിനിക് പ്രസന്റേഷന്‍ മാത്രമായിരുന്നു ജില്ലയില്‍നിന്നുണ്ടായിരുന്ന മന്ത്രി.
ചരിത്രത്തിലാദ്യമായി ജില്ലയില്‍ മുഴുവന്‍ സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനായതും കാബിനറ്റിലെ പ്രാതിനിധ്യം വര്‍ധിക്കാന്‍ കാരണമായി. മൂന്ന് ഘടകക്ഷികള്‍ മത്സരിച്ചെങ്കിലും കേരള കോണ്‍ഗ്രസ് ജേക്കബ് (അനൂപ് ജേക്കബ്), മുസ്ലിം ലീഗ് (വി.ഇ. അബ്ദുള്‍ ഗഫൂര്‍) എന്നിവര്‍ക്കാണ് മന്ത്രിസഭയിലേക്ക് അവസരം ലഭിച്ചത്.
മുഖ്യമന്ത്രിയുള്‍പ്പടെ നാല് മന്ത്രിമാര്‍ എറണാകുളം ജില്ലയ്ക്ക്; മൂന്ന് പേര്‍ ആദ്യമായി മന്ത്രിപദത്തില്‍, തൃശൂരിന് ഒരാള്‍













