Newsskerala

നെടുപുഴ കോള്‍പ്പാടത്ത് ബോട്ട് മറിഞ്ഞ് കാണാതായ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു

തൃശൂര്‍ : നെടുപുഴ കോള്‍പ്പാടത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് കാണാതായ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ സ്‌കൂബ ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തു.  രാത്രിയിലെ വെളിച്ചക്കുറവും ശക്തമായ മഴയും കാരണം നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന്്് രാവിലെ വീണ്ടും തുടങ്ങിയിരുന്നു. തീരത്തുനിന്ന് 25 മീറ്റര്‍ അകലെയായി മൃതദേഹങ്ങള്‍ കണ്ടെത്തിയത്.വളര്‍ത്തുമീനുകള്‍ക്ക് തീറ്റ കൊടുക്കാനായി അഞ്ചംഗ സംഘം സഞ്ചരിച്ച മിനി ഫൈബര്‍ ബോട്ട് പാടത്തിന് നടുവില്‍ വെച്ച് മറിയുകയായിരുന്നു.ചാഴൂര്‍ സ്വദേശി സുനില്‍ ഉള്‍പ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. എഞ്ചിന്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കൈകൊണ്ട് തുഴയുന്നതിനിടെയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.
തൊഴിലാളികളായ നിഷാദ് അറയ്ക്കല്‍ മാളിയേക്കല്‍ (42), ഗിരീഷ് കിഴക്കൂട്ട് (48) എന്നിവരാണ് നീന്തി കരയിലെത്തിയത്. സുനിലിനെ പടവില്‍ തളര്‍ന്നുകിടക്കുന്ന നിലയില്‍ തിരച്ചില്‍ സംഘം കണ്ടെത്തുകയായിരുന്നു. സുനിലിനൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേരെ പരിചയം ഇല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സ്‌കൂബാ സംഘത്തിന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാസേനയും പോലീസും മൂന്നു മണിക്കൂറോളം തിരച്ചില്‍ തുടര്‍ന്നെങ്കിലും ഫലമുണ്ടായിരുന്നല്ല. തുടര്‍ന്ന് രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

നെടുപുഴ പോലീസും തൃശ്ശൂര്‍ അഗ്‌നി രക്ഷാസേനയും തിരച്ചിലില്‍ പങ്കാളികളായി. നെടുപുഴ എസ്.ഐ. പി. രാജനാരായണന്‍, അഗ്‌നി രക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ബി. വൈശാഖ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ പി.എസ്. ബിനു, ശ്രീഹരി, ദിനേശ്, ഗോകുല്‍, ഷാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *