Newsskerala

ക്യാമ്പില്‍ മദ്യപാനം: മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍, ടെസ്റ്റിന് കൊണ്ടുപോകുന്നതിനിടെ ഒരാള്‍ രക്ഷപ്പെട്ടു

കൊച്ചി: ഹില്‍പ്പാലസ് പോലീസ് ക്യാമ്പിലെ ബാരക്കിലിരുന്ന് മദ്യപിച്ച മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. കെഎപി ഒന്നാം ബറ്റാലിയനിലെ കെ.യു. അഭിലാഷ്, എന്‍. നവാസ്, എം.വിഷ്ണു എന്നിവര്‍ക്കെതിരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ അച്ചടക്ക നടപടിയെടുത്തത്.

മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പോലീസുകാരെ വെട്ടിച്ച് കടന്നുകളഞ്ഞ കെ.യു.അഭിലാഷിനായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഇന്നലെ രാവിലെ 7.30ന് പോലീസ് ഓഫീസര്‍മാര്‍ ബാരക്കുകളില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് മൂവരും മദ്യപിക്കുന്നതായി കണ്ടെത്തിയത്.

ഇവരില്‍നിന്ന് മദ്യക്കുപ്പിയും ഗ്ലാസുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ഇവരെ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരെ തള്ളിമാറ്റി അഭിലാഷ് ഓടി രക്ഷപ്പെടുകയായിരുന്നു.

സസ്പെന്‍ഷനിലായ പോലീസുകാര്‍ക്കെതിരേ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസിസ്റ്റന്റ് കമന്‍ഡാന്റിനെ ചുമതലപ്പെടുത്തി. ഓടിപ്പോയ പോലീസുകാരനെ കണ്ടെത്താന്‍ ക്യാമ്പ് അധികൃതര്‍ അന്വേഷണം വ്യാപിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *