ടെഹ്‌റാന്‍: അമേരിക്കന്‍ സൈന്യം ഇറാനില്‍ വ്യോമാക്രമണം നടത്തി. ജോര്‍ദാനിലെ അമേരിക്കന്‍ താവളം ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് പ്രത്യാക്രമണം. നയതന്ത്രചര്‍ച്ചകള്‍ക്ക് അവസരമൊരുക്കാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച ബോംബാക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനുശേഷമുള്ള ആദ്യ അമേരിക്കന്‍ ആക്രമണമാണിത്.
പശ്ചിമേഷ്യയില്‍ യു.എസ് സൈന്യത്തിനുനേരെ ഇന്നലെയുണ്ടായ ഇറാന്റെ ആക്രമണ ശ്രമത്തിനുള്ള ശക്തമായ മറുപടിയാണ് ഈ വ്യോമാക്രമണങ്ങളെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. രാത്രി എട്ട് മണിക്കാണ് ആക്രമണം ആരംഭിച്ചതെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഇറാന്റെ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ആക്രമണം ഉണ്ടായത്. ഞങ്ങള്‍ ശക്തമായി തിരിച്ചടിക്കുമെന്നും അവര്‍ക്ക് കനത്ത പ്രഹരമായിരിക്കും ലഭിക്കുകയെന്നും ട്രംപ് പറഞ്ഞിരുന്നു. ‘ഇത് ഞങ്ങളുടെ ഊഴമാണെ’ന്ന് വ്യക്തമാക്കിയ ട്രംപ് ആക്രമണം നടത്തിയ വിവരം ഇറാന്‍ സമ്മതിച്ചത് വലിയ അബദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു.








