Newsskerala

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു; ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു

കൊച്ചി: ചെറിയ വേഷങ്ങളിലൂടെ സ്ക്രീനിലെത്തി ചുരുങ്ങിയ കാലയളവിൽ മലയാള സിനിമ പ്രേക്ഷകരുടെ അംഗീകാരം നേടിയ നടൻ ഹരീഷ് പേങ്ങൻ,48, നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. മഹേഷിന്റെ പ്രതികാരം, ഷെഫീക്കിന്റെ സന്തോഷം, ഹണീബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഹരീഷ് ഒരു മാസക്കാലമായി ഗുരുതരമായ കരൾ രോഗത്തിന് ചികിത്സയിലായിരുന്നു.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സുഹൃത്തുക്കൾ മുഖാന്തരം പണം സ്വരൂപിക്കാൻ ശ്രമങ്ങൾ നടക്കവെയാണ് നടൻറെ വിടവാങ്ങൽ. കൂടുതലും ഹാസ്യപ്രധാനമായ വേഷങ്ങളിലാണ് അദ്ദേഹം സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. സംസ്കാരം നാളെ വൈകിട്ട് 3 ന് നെടുമ്പാശ്ശേരിയിലെ വീട്ടുവളപ്പിൽ നടക്കും. മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് ഹരീഷ് ശ്രദ്ധ നേടുന്നത്. പൂന്തോട്ടമാണ് അവസാനം അഭിനയിച്ച ചിത്രം. ചായക്കട നടത്തിപ്പുകാരനായി നെടുമ്പാശ്ശേരിയിൽ ജോലി ചെയ്തിരുന്ന ഹരീഷ് പിന്നീട് അഭിനേതാവായി മാറുകയായിരുന്നു. ഭാര്യയും രണ്ട് വിദ്യാർത്ഥികളായ മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി ഹരീഷ് ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *