ഒപ്പം നിന്നവരെ ചിരിപ്പിക്കാന്‍ ഇന്നസെന്റ് ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ നാട്ടുകാരും, സുഹൃത്തുക്കളും സംസ്‌കാരച്ചടങ്ങിനെത്തി. ഇന്നച്ചന്റെ സാന്നിധ്യങ്ങളിലെല്ലാം പൊട്ടിച്ചിരികള്‍ മുഴങ്ങുന്ന പള്ളിയങ്കണത്തില്‍ ചിരിക്കിലുക്കമില്ല. പൂക്കളാല്‍ അലംകൃതമായ മൃതിയുടെ പേടകത്തില്‍ മൃദുമന്ദഹാസത്തോടെ ഇന്നച്ചന്‍ നിശ്ചലനായി കിടന്നു….. READ MORE
ഇരിങ്ങാലക്കുട: രാവിലെ പത്ത് മണിയോടെ ‘പാര്‍പ്പിടം’ വിട്ട് ഇന്നസെന്റ് യാത്ര തുടങ്ങി. ചിരിയുടെ കുടയില്ലാതെ, ഇനിയൊരിക്കലും മടക്കമില്ലാത്ത യാത്ര. ഇന്നച്ചന്‍ കുടുകുടെ ചിരിപ്പിച്ചവര്‍ അന്ത്യയാത്ര കാണാന്‍ കണ്ണീരുമായി കാത്തുനിന്നു. സുഖ,ദുഃഖങ്ങളിലെല്ലാം ഒപ്പമുണ്ടായിരുന്ന സഹധര്‍മ്മിണി ആലീസിനെ കൂടാതെയാണ് ഇന്നച്ചന്റെ മടക്കയാത്ര. പിന്‍വിളികള്‍ക്ക് കാത്തുനില്‍ക്കാതെ.
സ്ത്രീകളും കുട്ടികളും അടക്കം ഇരിങ്ങാലക്കുടക്കാര്‍ വിലാപയാത്രയുടെ ഭാഗമായി. ഒപ്പം നിന്നവരെ ചിരിപ്പിക്കാന്‍ ഇന്നസെന്റ് ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ നാട്ടുകാരും, സുഹൃത്തുക്കളും സംസ്‌കാരച്ചടങ്ങിനെത്തി. ഇന്നച്ചന്റെ സാന്നിധ്യങ്ങളിലെല്ലാം പൊട്ടിച്ചിരികള്‍ മുഴങ്ങുന്ന പള്ളിയങ്കണത്തില്‍ ചിരിക്കിലുക്കമില്ല. പൂക്കളാല്‍ അലംകൃതമായ മൃതിയുടെ പേടകത്തില്‍ മൃദുമന്ദഹാസത്തോടെ ഇന്നച്ചന്‍ നിശ്ചലനായി കിടന്നു. ആള്‍ക്കൂട്ടവും, ആരവങ്ങളും കേള്‍ക്കാതെ.പ്രിയപ്പെട്ടവരുടെ തേങ്ങലുകള്‍ക്കിടെ രാവിലെ പത്തരയോടെ സെന്റ് തോമസ് കത്തീഡ്രലില്‍ സംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങി. ഇരിങ്ങാലക്കുടക്കാര്‍ ഒന്നങ്കടം പള്ളമേടയില്‍ തമ്പടിച്ചിരുന്നു.
പള്ളിയങ്കണത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ബിഷപ്പ് പോളി കണ്ണൂക്കാടന്റെ കാര്‍മകത്വത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. ഭൗതികശരീരം സെമിത്തേരിയില്‍ അടക്കം ചെയ്യും മുന്‍പ് സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം പുറത്തേക്ക് എടുത്തത്. തുടര്‍ന്ന് വീട്ടില്‍ തൃശൂര്‍ രൂപത സഹായ മെത്രാന്‍ ടോണി നീലങ്കാവിലിന്റെ നേതൃത്വത്തില്‍ അന്ത്യശുശ്രൂഷകള്‍ നടത്തി.
മന്ത്രിമാരായ ആര്‍.ബിന്ദു, വി.എന്‍.വാസവന്‍, കെ.രാജന്‍ എന്നിവരും വിലാപയാത്രയെ അനുഗമിച്ചു. ചലച്ചിത്രലോകത്തുനിന്ന്് സത്യന്‍ അന്തിക്കാട്, നാദിര്‍ഷാ, ദിലീപ്, കാവ്യാമാധവന്‍, ഇടവേള ബാബു, ടൊവീനോ തോമസ്, കോട്ടയം നസീര്‍, സുരേഷ്് കുമാര്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.
ഇന്നലെ രാത്രി മുഴുവന്‍ ഇന്നസെന്റിന്റെ വീട്ടിലേക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആരാധകര്‍ എത്തിയിരുന്നു. ഞായറാഴ്ച രാത്രി കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയിലായിരുന്നു മുന്‍ എം.പി കൂടിയായ ഇന്നസെന്റ് അന്തരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐ.സി.യുവില്‍നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില വീണ്ടും വഷളായതോടെ ഇ.സി.എം.ഒയുടെ സഹായത്തിലാണ് അവസാന നിമിഷംവരെ കഴിഞ്ഞിരുന്നത്.