Newsskerala

മുഖ്യമന്ത്രി സ്ഥാനം: സമ്മര്‍ദം ശക്തമായി നേതാക്കള്‍, ഹൈക്കമാന്‍ഡിന് അതൃപ്തി, രാഹുല്‍ ഇടപടും

ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രിപദത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് നടത്തുന്ന പരസ്യപോര്് തെരുവിലേക്ക്്. സംസ്ഥാനത്ത്് പലയിടത്തും മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കളുടെ ചിത്രവുമായി ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. തൃശൂരില്‍ കൊടുങ്ങല്ലൂരടക്കം പലയിടത്തും പ്രകടനങ്ങള്‍ നടന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എഐസിസി ജന.സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി മുറവിളി ഉയരുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തിനായി പരസ്യമായി നടത്തുന്ന സമ്മര്‍ദനീക്കങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. തെരുവിലെ പ്രകടനങ്ങള്‍ അച്ചടക്കത്തിന്റെ അതിരുവിടുന്നെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. സമ്മര്‍ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ് തീരുമാനമെടുത്തു എന്ന പ്രതീതി ഉണ്ടാകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന ആശങ്കയിലാണ് പാര്‍ട്ടിയുടെ ദേശീയനേതൃത്വം.
കേരളത്തില്‍ നടക്കുന്ന ഫ്‌ളക്‌സ് പോരും തെരുവിലെ മാര്‍ച്ചുകളും പാര്‍ട്ടിക്ക് ഗുണംചെയ്യില്ല. മുതിര്‍ന്ന നേതാക്കള്‍ അണികളെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നാണ് ഹൈക്കമാന്‍ഡിന്റെ ആഗ്രഹം. അതില്‍ നേതാക്കള്‍ വിട്ടുവീഴ്ച വരുത്തിയാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ പറഞ്ഞു.

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. മൂന്ന് പേര്‍ക്കും സ്വീകാര്യമായ തീരുമാനം ഈ ചര്‍ച്ചകളില്‍ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പ്രതീക്ഷ. ആവശ്യമെങ്കില്‍ സോണിയ ഗാന്ധിയും കേരള നേതാക്കളുമായി ചര്‍ച്ച നടത്തും.

പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരുടെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം അടങ്ങുന്ന റിപ്പോര്‍ട്ട് ഇന്ന് മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് കൈമാറും. അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവരാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായവും നിരീക്ഷകര്‍ ഖാര്‍ഗയെ അറിയിക്കും. രാഷ്ട്രീയസാഹചര്യം വിലയിരുത്താന്‍ കേരളത്തില്‍ എത്തിയ പ്രത്യേക എഐസിസി ടീമിന്റെ റീപ്പോര്‍ട്ടും ഇന്ന് ലഭിക്കുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *