Newsskerala

മണലൂർ നിയോജക മണ്ഡലം തപാൽ വോട്ട് ക്രമക്കേട്: റീ കൗണ്ടിങ് ആവശ്യപ്പെട്ട് യു.ഡി.എഫ്; ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് ഹർജി നൽകും.

ഗുരുവായൂർ : മണലൂർ നിയമസഭാ മണ്ഡലത്തിലെ തപാൽ വോട്ടുകൾ ക്രമാതീതമായി അസാധുവാക്കപ്പെട്ട നടപടിയിൽ അസ്വാഭാവികതയുണ്ടെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ ചീഫ് ഇലക്ഷൻ ഏജന്റ് സി.സി. ശ്രീകുമാർ അറിയിച്ചു. തപാൽ വോട്ടുകൾ എണ്ണിയപ്പോൾ ഉണ്ടായ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് റീ കൗണ്ടിങ്ങിനായി അപേക്ഷ നൽകിയിട്ടുണ്ട്. അതിന് ശേഷം മാത്രമേ ഔദ്യോഗിക ഫലം പ്രഖ്യാപിക്കാവൂ എന്ന് വരണാധികാരിയോട് യു ഡി എഫ് ആവശ്യപ്പെട്ടു.
പോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് 160 പോസ്റ്റൽ വോട്ടുകൾ കൂട്ടത്തോടെ അസാധുവാകാൻ കാരണം. സമ്മതിദായകർ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റിനൊപ്പം ബാലറ്റിന്റെ കൗണ്ടർ ഫോയിൽ കൂടി അയക്കാൻ പോളിംഗ് ഓഫീസർമാർ വോട്ടർമാരെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ചതാണ് ഇത്രയധികം വോട്ടുകൾ അസാധുവാകാൻ ഇടയാക്കിയത്.
ഈ സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ കേരള ഹൈക്കോടതിയിൽ ഇലക്ഷൻ ഹർജി ഫയൽ ചെയ്യാൻ യു.ഡി.എഫ് തീരുമാനിച്ചു. സമ്മതി ദായകരുടെ ജനാധിപത്യപരമായ വോട്ടവകാശം നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും ചീഫ് ഇലക്ഷൻ ഏജന്റ്, സി.സി. ശ്രീകുമാർ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *