ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ കലാശിച്ച ജന്തര്‍ മന്തിറിലെ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കെതിരെ കേസെടുക്കില്ലെന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും പ്രതിഷേധം ശക്തമാക്കാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) തീരുമാനിച്ചു. സെപ്തംബര്‍ അഞ്ചിന് ദില്ലിയിലെ ഇന്ത്യാ ഗേറ്റിലാണ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യാ ഗേറ്റില്‍ നിന്ന് ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നാണ് സി ജെ പിയുടെ പ്രഖ്യാപനം. സമാധാനപരമായിരിക്കും മാര്‍ച്ചെന്നും നേതാക്കള്‍ വ്യക്തമാക്കി. ജൂലൈ 25 ന് യുവാക്കള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാരും കേന്ദ്ര ഭരണസഖ്യവും പരാജയപ്പെട്ടുവെന്ന് ഇന്ന് ചേര്‍ന്ന സി ജെ പി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി യോഗം വിലയിരുത്തി. നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതിന് പകരം സര്‍ക്കാര്‍ സമയം നീട്ടിക്കൊണ്ടുപോകാനും നിയമപരമായ സാങ്കേതികത്വങ്ങള്‍ക്ക് പിന്നില്‍ ഒളിക്കാനുമാണ് ശ്രമിക്കുന്നത്. നീറ്റ് പരീക്ഷാ വിഷയത്തില്‍ എടുത്ത എഫ് ഐ ആറുകളുടെ വിവരങ്ങള്‍ കൈമാറാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സി ജെ പി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് ജെന്‍ സി തലമുറയെയും വിദ്യാര്‍ഥികളെയും തെരുവിലിറക്കി വീണ്ടും പ്രക്ഷോഭത്തിന് സി ജെ പി ആഹ്വാനം നല്‍കിയിരിക്കുന്നത്.
കേന്ദ്രത്തിനെതിരെ കടുപ്പിച്ച് പാറ്റകള്‍ വീണ്ടും സമരമുഖത്തേക്ക്, സെപ്തംബര്‍ 5 ന് ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധം










