തിരുവനന്തപുരം: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ കൂട്ടയടി. ബിജെപി-യുഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി. കാപ്പാ കേസ് പ്രതിയായ ആര്‍. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ നടുക്കളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ഇവരെ പ്രതിരോധിക്കാന്‍ ബിജെപി അംഗങ്ങളും എത്തിയതോടെയാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം നടക്കുന്നതിനിടെ അജണ്ടകള്‍ മുഴുവന്‍ വേഗത്തില്‍ പാസാക്കി കൗണ്‍സില്‍ യോഗം അവസാനിപ്പിച്ചതായി മേയര്‍ വി.വി.രാജേഷ് പറഞ്ഞു. പിന്നാലെ ബിജെപിയും എല്‍ഡിഎഫും യുഡിഎഫും പരസ്പരം ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ കൗണ്‍സിലര്‍മാരുടെ ഹാജര്‍ രജിസ്റ്റര്‍ കൈക്കലാക്കാന്‍ ഇരു വിഭാഗങ്ങളും തമ്മില്‍ കടുത്ത പിടിവലിയുണ്ടായി.
ഇതിനിടെ രജിസ്റ്റര്‍ കീറിയെറിയാനും ശ്രമുണ്ടായി. കൗണ്‍സില്‍ ഹാളിനുള്ളിലെ സംഘര്‍ഷം കോര്‍പറേഷന്‍ ഓഫീസിന് പുറത്തേക്കും വ്യാപിച്ചതോടെ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം ബിജെപി കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയനെതിരെ യുഡിഎഫ് രംഗത്തെത്തി.












