അറ്റ്ലാന്റ: അവസാന 11 മിനിറ്റില്‍ മൂന്ന് ഗോളുകള്‍ അടിച്ചുകൂട്ടി ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഈജിപ്തിനെ തകര്‍ത്ത് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു (32) മെസ്സിപ്പടയുടെ വിജയം. നായകന്‍ ലയണല്‍ മെസ്സിയുടെ കണ്ണീരോടെ തുടങ്ങിയ മത്സരം ഒടുവില്‍ മെസ്സിയുടെയും സംഘത്തിന്റെയും ആനന്ദക്കണ്ണീരിലാണ് അവസാനിച്ചത്.അറ്റ്ലാന്റയിലെ മെഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്നത്് ലോകകപ്പിലെ ഏറ്റവും ത്രില്ലിംഗ് പോരാട്ടമായി.
മത്സരത്തിന്റെ ആദ്യ പകുതി മുതല്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയത് ഈജിപ്തായിരുന്നു. 15-ാം മിനിറ്റില്‍ യാസര്‍ ഇബ്രാഹിമിലൂടെ അവര്‍ അക്കൗണ്ട് തുറന്നു. കോര്‍ണറില്‍ നിന്ന് മര്‍വാന്‍ അതിയ നല്‍കിയ ക്രോസ് കിടിലനൊരു ഹെഡറിലൂടെ ഇബ്രാഹിം വലയിലാക്കി. ഗോള്‍ മടക്കാന്‍ അര്‍ജന്റീന കിണഞ്ഞു ശ്രമിക്കുന്നതിനിടെ 19-ാം മിനിറ്റില്‍ ടാഗ്ലിയാഫിക്കോയെ ബോക്‌സില്‍ വീഴ്ത്തിയതിന് അര്‍ജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. എന്നാല്‍ കിക്കെടുത്ത ലയണല്‍ മെസ്സിക്ക് പിഴച്ചു. ഈ ലോകകപ്പില്‍ മെസ്സി നഷ്ടപ്പെടുത്തുന്ന രണ്ടാമത്തെ പെനാല്‍റ്റിയായിരുന്നു ഇത്. ആദ്യ പകുതിയിലുടനീളം ഈജിപ്ത് ഗോള്‍കീപ്പര്‍ മുസ്തഫ ഷൊബൈയറിന്റെ അവിശ്വസനീയമായ സേവുകള്‍ കൂടിയായപ്പോള്‍ അര്‍ജന്റീന കടുത്ത പ്രതിരോധത്തിലായി.
രണ്ടാം പകുതിയില്‍ സമനില ഗോളിനായി അര്‍ജന്റീന സര്‍വ്വ സന്നാഹങ്ങളുമായി ആക്രമണം അഴിച്ചുവിടുന്നതിനിടെയാണ് ഫറവോകളുടെ രണ്ടാം ഗോളെത്തിയത്. 67-ാം മിനിറ്റില്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഈജിപ്ത് നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഗോള്‍. മുഹമ്മദ് സലാഹ് നല്‍കിയ പന്ത് പകരക്കാരനായെത്തിയ ഹൈസം ഹസന്‍ ബോക്‌സിലേക്ക് നല്‍കിയപ്പോള്‍ മുസ്തഫ സിക്കോയ്ക്ക് അത് ലക്ഷ്യത്തിലെത്തിക്കേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. 58-ാം മിനിറ്റില്‍ സികോ നേടിയ മറ്റൊരു ഗോള്‍ വാര്‍ പരിശോധനയില്‍ ഓഫ്സൈഡാണെന്ന് കണ്ടെത്തി റദ്ദാക്കിയിരുന്നു.













