വടക്കാഞ്ചേരി: ഹൃദയത്തോട് ചേര്‍ത്ത് വെച്ച എങ്കക്കാടിന്റെ മണ്ണിലൊരുക്കിയ ചിതയില്‍ കെ.പി.എ.സി. ലളിതയുടെ ഭൗതിക ശരീരം എരിഞ്ഞടങ്ങി. വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അഭിനയ വിസ്മയം കെ.പി.എ.സി ലളിതയുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു. മകനും, നടനും ചലച്ചിത്രസംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിതയ്ക്ക് തീകൊളുത്തി. ഓര്‍മയെന്ന് പേരിട്ട വീട്ടില്‍ മലയാളത്തിന്റെ പ്രിയങ്കരിയായ അഭിനേത്രി ജ്വലിക്കുന്ന ഓര്‍മയായി. വൈകീട്ട് അഞ്ച് മണിയോടെ വീടിനകത്ത് മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
വീടിന്റെ തെക്കേഭാഗത്തായിരുന്നു ചിത ഒരുക്കിയത്. വടക്കാഞ്ചേരി നഗരസഭയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് ഭൗതിക ശരീരം എങ്കക്കാട്ടെ ഓര്‍മ്മ എന്ന വീട്ടില്‍ എത്തിച്ചത്. എങ്കക്കാട്ടെ മരുമകളായി എത്തി പിന്നീട് മകളായി മാറിയ കെ.പി.എ.സി ലളിത ഉത്രാളിക്കാവ് പൂരവും, മച്ചാട് മാമാങ്കവും കാണാന്‍ മുടങ്ങാതെ എത്തുമായിരുന്നു. ഉത്രാളിക്കാവ് പൂരത്തിന് മുന്നോടിയായി നടക്കുന്ന പ്രധാന ചടങ്ങായ പൂരം പറപ്പുറപ്പാടും, മച്ചാട് മാമാങ്കവും നടന്ന ദിവസമായിരുന്നു കെ.പി.എ.സി ലളിതയുടെ അന്ത്യം. കലാ,സാംസ്‌കാരിക, രാഷ്ട്രീയ ലോകത്തെ പ്രമുഖരെല്ലാം അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. സംസ്‌കാരച്ചടങ്ങുകള്‍ക്ക് വന്‍ജനാവലി സാക്ഷിയായി. ഉച്ചയ്ക്ക് രണ്ട് മണിയോടെ തൃശൂര്‍ സംഗീതനാടക അക്കാദമിയില്‍ കെ.പി.എ.സി ലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ഇന്നസെന്റ്, ജയരാജ് വാര്യര്‍, വിദ്യാധരന്‍ മാസറ്റര്‍ തുടങ്ങിയ പ്രമുഖരെല്ലാം അന്ത്യോപചാരമര്‍പ്പിക്കാനെത്തി.
കൊച്ചിയില്‍ നിന്നും പുഷ്പാലകൃതമായ കെ.എസ്.ആര്‍.ടി.ബസിലാണ് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തൃശൂരിലെത്തിയത്. കേരള സംഗീത അക്കാദമിയുടെ ആദ്യത്തെ ചെയര്‍പേഴ്‌സണായിരുന്നു കെ.പി.എ.സി ലളിത. 2016 ആഗസ്റ്റ് 18നായിരുന്നു അവര്‍ സംഗീത അക്കാദമിയുടെ അമരത്ത് എത്തിയത്. രണ്ട് മാസം മുന്‍പ് വരെ അവര്‍ കര്‍മ്മനിരതയായിരുന്നു. കായംകുളം സ്വദേശിനിയായ കെ.പി.എ.സി.ലളിതയ്ക്ക് വടക്കാഞ്ചേരിയോടും, എങ്കക്കാടിനോടും, ഉത്രാളിക്കാവ് പൂരത്തിനോടും ഹൃദയബന്ധമായിരുന്നു. ഭര്‍ത്താവ് ഭരതന്റെ നാടായ എങ്കക്കാട് അവര്‍ 2004-ലാണ് സ്ഥലം വാങ്ങി വീട് വെച്ചത്. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയസപര്യ ഇനി ഓര്‍മകളില്‍ മാത്രം.