തൃശൂര്‍: പി എ മാധവന്റെ നിര്യാണത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും സംശുദ്ധനായ നേതാവിനെയാണ് നഷ്ടമായതെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പി എ മാധവനും താനും ഒരുമിച്ച് നിയമസഭയില്‍ ഉണ്ടായിരുന്ന കാലഘട്ടം അവിസ്മരണീയമായിരുന്നു. എംഎല്‍എമാര്‍ എല്ലാവരും ഒന്നുകില്‍ നിയമസഭയുടെ ബസ്സിലോ അവരവരുടെ കാറുകളിലോ മാത്രമാണ് സാധാരണയായി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകാറുള്ളത് എന്നാല്‍ മാധവന്‍ പലപ്പോഴും അങ്ങോട്ടുമിങ്ങോട്ടും നടന്നുവരാറുള്ളത് ഞങ്ങളുടെ നിയമസഭാ കാലത്തെ പതിവ് കാഴ്ചയായിരുന്നു. എത്ര വലിയ പദവിയിലും ലളിതമാര്‍ന്ന ശൈലിയിലൂടെ അദ്ദേഹം സര്‍വ്വര്‍ക്കും സ്വീകാര്യനും പ്രിയങ്കരനുമായി മാറി.താഴെത്തട്ട് മുതല്‍ സാധാരണ പ്രവര്‍ത്തകനായി തുടങ്ങി ഡിസിസി പ്രസിഡന്റും എംഎല്‍എയും വരെയായ മാധവന്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ പകര്‍ന്ന കരുത്ത് വളരെ വലുതാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
രാഷ്ടീയം എന്നാല്‍ പൊതുസേവനമാണെന്ന് കരുതിയിരുന്ന വ്യക്തിയാണ് പി എ മാധവനെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് വി. എം സുധീരന്‍ പറഞ്ഞു.
സംഘടനാരംഗത്ത് ആണെങ്കിലും പാര്‍ലമെന്ററി രംഗത്ത് ആണെങ്കിലും അപ്രിയമായത് തുറന്നു പറയാന്‍ മാധവന് മടിയുണ്ടായിരുന്നില്ല.സ്വന്തം ബോധ്യങ്ങളായിരുന്നു മാധവന്റെ രാഷ്ട്രീയ അടിത്തറ. അതില്‍ നിന്നു കൊണ്ട്
സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങള്‍ കണ്ടുപിടിച്ച് പൊതുസമൂഹത്തിലേക്ക് എത്തിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. പൊതുപ്രവര്‍ത്തനത്തിനു വേണ്ടി സ്വന്തം വരുമാനമാര്‍ഗമായ ആധാരമെഴുത് പോലും അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു. ഇടക്ക് പാര്‍ട്ടിയോട് പിണങ്ങി പോയി എങ്കിലും തിരിച്ചു വന്ന മാധവനെ കോണ്‍ഗ്രസ് ഇരുകയ്യും നീട്ടി സ്വീകരിച്ചു. മണലൂരില്‍ തനിക്കും പകരം മത്സരിക്കാന്‍ പി.എ മാധവന്റെ പേര് നിര്‍ദേശിച്ചതും താനാണെന്നും അദ്ദേഹം കൂടി ചേര്‍ത്തു.
തിരഞ്ഞെടുപ്പില്‍ അനിവാര്യമാണ് എന്നതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട തന്ത്രപരമായ പല നീക്കങ്ങളും നടത്തുന്നതില്‍ പി എ മാധവന് പ്രത്യേക കഴിവുണ്ടായിരുന്നു എന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ഖാദര്‍ പറഞ്ഞു














