Newsskerala

നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി, വയനാട്ടുകാര്‍ക്ക് ആശ്വാസം,

വയനാട്:  മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഭീതി വിതച്ച നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. 45കാരിയായ  രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തി ഭക്ഷിച്ച നരഭോജിക്കടുവയാണ് ചത്തതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.  കടുവ ചത്ത വിവരം വനംവകുപ്പ് ഉറപ്പുവരുത്തിയിട്ടുണ്ട്.  ഓപ്പറേഷനിടയില്‍ ദൗത്യസംഘമാണ് ചത്തനിലയില്‍ കടുവയെ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്.

ദൗത്യസംഘത്തിന്റെ നൈറ്റ് പട്രോളിംഗിനിടെ പുലര്‍ച്ചെ 2.30ഓടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.അവശനിലയിലായിരുന്ന കടുവയെ ജീവനോടെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. വനത്തോട് ചേര്‍ന്ന പ്രദേശത്താണ് കടുവയെ കണ്ടെത്തിയത്.

 കടുവയുടെ മരണകാരണം അറിയാന്‍ വിശദമായ പോസ്റ്റ്മോര്‍ട്ടം വേണ്ടിവരുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്നുതന്നെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിക്കും. കടുവ ചത്തതില്‍ വലിയ ആശ്വാസമുണ്ടെന്ന് കൊല്ലപ്പെട്ട രാധയുടെ ഭര്‍ത്താവ് അച്ചപ്പന്‍  പറഞ്ഞു.

ഇന്നലെ പിലാക്കാവ് പ്രദേശത്ത് കടുവയെ കണ്ടതായി ദൗത്യസംഘം അറിയിച്ചിരുന്നു. ഇന്ന് കടുവയുടെ കാല്‍പ്പാട് കണ്ട് പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ കടുവ ചത്തുകിടക്കുന്നതായി കണ്ടത്. കടുവയുടെ ദേഹത്തെ വരകള്‍ പരിശോധിച്ച് ചത്തത് നരഭോജി കടുവ തന്നെയെന്ന് ഉറപ്പിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലിയിലെ ജനങ്ങളെ വിറപ്പിച്ച  കടുവയെ കണ്ടെത്തി കൊല്ലാന്‍ 10 സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *