തിരുവനന്തപുരം: ക്ഷേമ പെന്ഷന് 3000 രൂപയാക്കുക എന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നത് വൈകില്ലെന്ന്് മുഖ്യമന്ത്രി വി.ഡി.സതീശന്. ക്ഷേമ പെന്ഷന് അര്‍ഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി പുതിയ സംവിധാനം സര്‍ക്കാര്‍ ഗൗരവകരമായി ആലോചിക്കുന്നുണ്ടെന്നും നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ക്ഷേമ പെന്ഷന് 3000 രൂപയാക്കുമെന്ന യുഡിഎഫ് വാഗ്ദാനം എല്‍ഡിഎഫ് നല്കിയ വാഗ്ദാനം പോലെ ആയിരിക്കില്ല. എല്‍ഡിഎഫ് 2500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ആദ്യ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലാവധി തീരാനിരിക്കെയാണ് 1500 ഉള്ളത് 100 രൂപ കൂട്ടിയത്. അതില്‍നിന്ന് 2000 ആക്കി ഉയര്‍ത്തിയത് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി തീരാനിരിക്കെയാണ്. അത്തരമൊരു കാലതാമസം യുഡിഎഫ് വരുത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച സ്ത്രീ സുരക്ഷാ പെന്ഷന് സാമൂഹ്യക്ഷേമ പെന്‍ഷന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി തുടരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
















