Newsskerala

കറുത്ത മുത്ത് ഇനി ഡോക്ടര്‍ ഐ.എം.വിജയന്‍

തൃശൂര്‍: കേരള ഫുട്‌ബോളിലെ ഇതിഹാസതാരമായ ഐ.എം.വിജയന് ഡോക്ടറേറ്റ് പദവിയും. റഷ്യയിലെ അക്കാന്‍ഗിര്‍സ്‌ക് നോര്‍ത്തേണ്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയാണ് കേരളത്തിന്റെ കറുത്തമുത്തിന് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യന്‍ ഫുട്ബോള്‍ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. 1999-ലെ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റില്‍ ഗോള്‍ നേടി ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്നയാള്‍ എന്ന രാജ്യാന്തര റെക്കോര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട് ഐ.എം വിജയന്‍. മുന്നേറ്റ നിരയില്‍ കളിച്ചിരുന്ന വിജയന്‍ മിഡ്ഫീല്‍ഡറായും കാല്‍പന്തുകളിയില്‍ പ്രതിഭ തെളിയിച്ചു. പതിനെട്ടാം വയസില്‍ കേരളാ പൊലീസിന്റെ ഫുട്ബോള്‍ ടീമില്‍ ഐ.എം വിജയന്‍ അംഗമാകുന്നത്. ഫെഡറേഷന്‍ കപ്പ് ഉള്‍പ്പെടെയുള്ള കിരീടങ്ങള്‍ നേടി പൊലീസ് ടീം ഇന്ത്യന്‍ ഫുട്ബോളില്‍ വന്‍ശക്തിയായിരുന്ന കാലമായിരുന്നു അത്. പൊലീസ് ടീമിലെത്തി നാലാം വര്‍ഷം കൊല്‍ക്കത്തയിലെ വമ്പന്മാരായ മോഹന്‍ ബഗാന്‍ വിജയനെ സ്വന്തമാക്കി.
ജെ.സി.ടി. മില്‍സ് ഫഗ്വാര, എഫ്.സി കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോള്‍ ക്ലബുകളില്‍ വിജയന്‍ കളിച്ചിട്ടുണ്ട്.
1992-ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ ഐ.എം വിജയന്‍ ഇന്ത്യയ്ക്ക് വേണ്ടി 79 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു. 39 ഗോളുകള്‍ നേടി. 2003-ലെ ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ നാലു ഗോളുകള്‍ നേടി ടോപ് സ്്‌കോററായ വിജയന്‍ തൃശൂര്‍ കോലോത്തുംപാടം സ്വദേശിയാണ്.

Leave a Comment

Your email address will not be published. Required fields are marked *