കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി അഭിനയിക്കുന്ന ജൂഡ് ആന്റണി ചിത്രം ‘തുടക്ക’ത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. മോഹന്‍ലാല്‍ കുടുംബസമേതമാണ് ചടങ്ങിനെത്തിയത്. സുചിത്ര മോഹന്‍ലാല്‍ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആണ് ആദ്യ ക്ലാപ്പ് അടിച്ചത്. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ദിലീപ്, ജോഷി, രജപുത്ര രഞ്ജിത്ത് തുടങ്ങി സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മകള്‍ സിനിമയിലേക്ക് എത്തിയതില്‍ സന്തോഷമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ”ഞാനും സിനിമയില്‍ ഒരു നടനാകണമെന്ന് ആഗ്രഹിച്ച ഒരാളല്ല. കാലത്തിന്റെ നിശ്ചയം പോലെ സിനിമയില്‍ വന്നു. നിങ്ങളൊക്കെ തന്നെയാണ് എന്നെ നടനാക്കിയതും 48 വര്‍ഷങ്ങള്‍ നിലനിര്‍ത്തിയത്” – മോഹന്‍ലാല്‍ പറഞ്ഞു.
”എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം വിസ്മയമായാണ് കരുതുന്നത്. അതുകൊണ്ട് മകള്‍ക്കിട്ട പേര് പോലും വിസ്മയ മോഹന്‍ലാല്‍ എന്നാണ്. ഒരുപാട് കാര്യങ്ങള്‍ വിസ്മയ പഠിച്ചിട്ടുണ്ട്. മകള്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ഒരു ആഗ്രഹം പറഞ്ഞു. സിനിമയില്‍ അഭിനയിക്കുക എന്നത് അത്ര അനായാസമായ ഒരു കാര്യമല്ല. എന്നാല്‍ അതിനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ക്കുണ്ട്. നിര്‍മാണ കമ്പനിയും കൂടെ നില്‍ക്കുന്ന ഒരു പ്രൊഡ്യൂസറുമുണ്ട്. ഒത്തിണങ്ങിയ ഒരു കഥ കിട്ടിയപ്പോള്‍ വിസ്മയ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.”- മോഹന്‍ലാലിന്റെ വാക്കുകള്‍.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘തുടക്കം’ നിര്‍മിക്കുന്നത്. ആക്ഷന്‍ എന്റര്‍ടെയ്‌നറാകും ചിത്രം. ആന്റണിയുടെ മകന്‍ ആശിഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജെയ്ക്‌സ് ബിജോയ് ആണ് സംഗീതം. ജോമോന്‍ ടി. ജോണ്‍ ആണ് ചായാഗ്രഹണം.
മുവായ് തായ് ഉള്‍പ്പെടെയുള്ള ആയോധന കലകളില്‍ പരിശീലനം നേടിയിട്ടുണ്ട്്. വിസ്മയ. ഈ പശ്ചാത്തലം കണക്കിലെടുത്താണ് ആയോധന മുറകള്‍ക്ക് പ്രാധാന്യമുള്ള ഒരു സിനിമയില്‍ വിസ്മയയെ ജൂഡ് ആന്റണി നായികയാക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.








