Newsskerala

ശബരിമല സ്വര്‍ണക്കൊള്ള: ബോര്‍ഡ് പ്രസിഡണ്ടുമാരും പ്രതിക്കൂട്ടില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉന്നതര്‍ക്കും പങ്ക്. അന്വേഷണം ഊര്‍ജിതമാക്കി. 2019-2025 കാലയളവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടുമാര്‍ക്കെതിരെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം തുടങ്ങി. നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്്്് പി.എസ്. പ്രശാന്ത്, 2019-ലെ പ്രസിഡണ്ടായിരുന്ന എ. പത്മകുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തമാണ് എസ്ഐടി വിശദമായി പരിശോധിക്കുന്നത്. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണങ്ങളെ തുടര്‍ന്നാണ് അന്വേഷണം ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടുമാരിലെത്തിയത്.
രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടുമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ഹൈക്കോടതി എസ്ഐടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2019-ല്‍ സ്വര്‍ണക്കൊള്ള നടന്നു എന്നും 2025-ല്‍ ഈ കൊള്ള മറയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നുമാണ് കോടതി നരീക്ഷച്ചത്.

സ്വര്‍ണക്കൊള്ളയുടെ പ്രധാന സൂത്രധാരന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്ന നിഗമനത്തിലാണ് നിലവില്‍ അന്വേഷണം എത്തിനില്‍ക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി കടത്തിക്കൊണ്ടുപോയെന്ന് കരുതുന്ന സ്വര്‍ണം കണ്ടെത്തി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ബോര്‍ഡ് ഉന്നതര്‍ക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ ശക്തമായ തെളിവുകള്‍ ആവശ്യമാണ്. ഇതിനായി എസ്ഐടി ദേവസ്വം ബോര്‍ഡിലെ മിനിറ്റ്സുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്വര്‍ണപ്പാളി കൊണ്ടുപോകാനുള്ള ശുപാര്‍ശകളും കത്തിടപാടുകളും ദേവസ്വം ബോര്‍ഡിലേക്കാണ് വന്നത്. അഡ്മിനിട്രേറ്ററായിരുന്ന മുരാരിബാബു അടക്കമുള്ളവരുടെ കത്തുകള്‍ വന്നപ്പോള്‍ ബോര്‍ഡ് എന്ത് തീരുമാനമെടുത്തു, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായ നിലപാടാണോ സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. 2019-ലെ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്് എ. പത്മകുമാറിനെ ചോദ്യം ചെയ്യാന്‍ ഉടന്‍ തന്നെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തും എന്ന സൂചനകളും ലഭിക്കുന്നുണ്ട്.

സ്വര്‍ണക്കൊള്ള ലക്ഷ്യമിട്ട് ഉണ്ണികൃഷ്ണന്‍ പോറ്റി മുന്‍പേ തന്നെ ആസൂത്രണങ്ങള്‍ നടത്തിയിരുന്നു. തന്ത്രി കുടുംബവുമായുള്ള ബന്ധമാണ് ഇതിനെല്ലാം ഇയാള്‍ മറയാക്കിയത്. ഒരു കീഴ്ശാന്തിയുടെ സഹായിയായി ശബരിമലയില്‍ വന്ന ഇയാള്‍ പിന്നീട് തന്ത്രി കുടുംബവുമായി കൂടുതല്‍ അടുക്കുകയും തന്ത്രിയുമായി അടുത്ത ബന്ധമുള്ള ആളായി ധനികരായ അയ്യപ്പഭക്തര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ ബന്ധം ഉപയോഗിച്ചാണ് ഇയാള്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ ധനികരായ ഭക്തരുമായി സൗഹൃദം സ്ഥാപിച്ചത്. ഇയാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയി പൂജകള്‍ നടത്തിയതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്

Leave a Comment

Your email address will not be published. Required fields are marked *