വാഷിംഗ്ടണ്: റഷ്യയില് നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ഏര്പ്പെടുത്തിയിരുന്ന കര്ശനമായ ഉപരോധങ്ങളില് 30 ദിവസത്തെ ഇളവ് അമേരിക്കന് ഭരണകൂടം അനുവദിച്ചു. എണ്ണ വിതരണം തടസമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം. പശ്ചിമേഷ്യയില് യുദ്ധം രൂക്ഷമായതിനെത്തുടര്ന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ അസ്ഥിരത കണക്കിലെടുത്താണ് ഇന്ത്യയ്ക്ക് നിര്ണായക ഇളവ് നല്കിയിരിക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘര്ഷത്തെത്തുടര്ന്ന് ഗള്ഫ് രാജ്യങ്ങളില് നിന്നുള്ള എണ്ണ വിതരണത്തില് കുറവുണ്ടാകാന് സാധ്യതയുണ്ട്. ഇത് ആഗോള വിപണിയില് എണ്ണവില കുതിച്ചുയരാന് കാരണമാകും. ഈ സാഹചര്യം ഒഴിവാക്കാനാണ് റഷ്യന് എണ്ണ വാങ്ങാന് ഇന്ത്യയ്ക്ക് താത്കാലിക അനുമതി നല്കിയിരിക്കുന്നത്.
റഷ്യന് എണ്ണയ്ക്ക് ജി-7 രാജ്യങ്ങള് നിശ്ചയിച്ചിട്ടുള്ള വില പരിധി ലംഘിക്കുന്ന കപ്പലുകള്ക്കെതിരെ അമേരിക്ക ഉപരോധം ഏര്പ്പെടുത്തിയിരുന്നു. എന്നാല് നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് അടുത്ത 30 ദിവസത്തേക്ക് ഈ നിയന്ത്രണങ്ങളില് ഇന്ത്യയ്ക്ക് ഇളവ് ലഭിക്കും. ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ വലിയൊരു പങ്കും നിലവില് റഷ്യയില് നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയുടെ ഈ തീരുമാനം ഇന്ത്യന് റിഫൈനറികള്ക്കും ആഭ്യന്തര വിപണിയിലെ ഇന്ധനവില നിയന്ത്രിക്കാനും വലിയ സഹായമാകും.
റഷ്യന് എണ്ണ വാങ്ങാന് അമേരിക്ക 30 ദിവസത്തെ ഇളവ് അനുവദിച്ചു













