ഇടുക്കി: ചിന്നക്കനാലിലെ ചക്കക്കൊമ്പനെ തളയ്ക്കാനുള്ള ‘മിഷന് ചക്കക്കൊമ്പന്’ രണ്ടാംദിനത്തിലേക്ക്. ഇന്ന് രാവിലെ ഏഴോടെ വനംവകുപ്പ് ദൗത്യം പുനരാരംഭിച്ചു. ചെമ്പകത്തൊഴുകുടി സെറ്റില്‍മെന്റിന് സമീപം ആനയുടെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ ആനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ആനയെ അനുയോജ്യമായ തുറസ്സായ സ്ഥലത്തെത്തിച്ച് മയക്കുവെടിവെച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്നലെ മയക്കുവെടിയേറ്റെങ്കിലും പൂര്‍ണമായി മയങ്ങാതിരുന്ന ചക്കക്കൊമ്പന് ദൗത്യസംഘത്തിനുനേരെ തിരിഞ്ഞതും പിന്നീട് കാട്ടിലേക്ക് മറഞ്ഞതുമാണ് ആദ്യദിനത്തിലെ ശ്രമം പരാജയപ്പെടാന്‍ കാരണം. പിന്നാലെയെത്തിയ കനത്ത മഴയും കോടമഞ്ഞും ദൗത്യത്തിന് കൂടുതല്‍ വെല്ലുവിളിയായി. മയക്കുവെടിയേറ്റ ആനയെ നിരീക്ഷിച്ചശേഷം മാത്രമേ തുടര്‍നടപടികളിലേക്ക് കടക്കൂവെന്നാണ് വനംവകുപ്പിന്റെ നിലപാട്. ആദ്യദിനത്തിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രതയോടെയാണ് രണ്ടാംദിനത്തിലെ നീക്കങ്ങള്‍.
ഇന്ന് രാവിലെ ചെമ്പകത്തൊഴുകുടി സെറ്റില്‍മെന്റിന് സമീപമാണ് ചക്കക്കൊമ്പനെ കണ്ടെത്തിയത്. ഇവിടെനിന്ന് 301 കോളനി ഭാഗത്തേക്ക് ആനയെ എത്തിക്കാനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തുന്നത്. ഡ്രോണ്‍ ഉപയോഗിച്ച് ആനയുടെ സഞ്ചാരം നിരീക്ഷിച്ചുവരികയാണ്. ഇന്നലെ മയക്കുവെടിയേറ്റതിനാല് ആനയുടെ ആരോഗ്യസ്ഥിതിയും പെരുമാറ്റവും സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. അതിനാല്‍, രാവിലെ തന്നെ വീണ്ടും മയക്കുവെടി പ്രയോഗിക്കാതെ നിരീക്ഷണത്തിനാണ് മുന്‍ഗണന നല്‍കുന്നത്.
ചക്കക്കൊമ്പനെ കണ്ടെത്തി,നിര്‍ണായക നീക്കത്തിന് ദൗത്യസംഘം






