Newsskerala

പരാതി തള്ളി തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

തൃശൂര്‍: മുളങ്കുന്നത്തുകാവ്  ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയ്‌ക്കെതിരെ ഗുരുതരആരോപണം. മെഡിസിന്‍ വാര്‍ഡിനോട് ചേര്‍ന്നുള്ള ശുചിമുറിയില്‍ ചികിത്സയിലിരുന്ന രോഗി മരിച്ചു കിടന്നത് 36 മണിക്കൂറോളം. ഈ മാസം 16ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തര്‍ (77) ആണ് മരിച്ചത്. ശനിയാഴ്ച നടത്തിയ തെരച്ചിലിലാണ് ഇയാളെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച മുതലാണ് മാക്കുട്ടി റാവുത്തറെ വാര്‍ഡില്‍ നിന്ന് കാണാതായത്. രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് മെഡിസിന്‍ വാര്‍ഡിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്.
അജ്ഞാത രോഗിയായാണ് ഇയാളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും ഇയാള്‍ക്ക് ബൈസ്റ്റാന്‍ഡര്‍ ഉണ്ടായിരുന്നില്ലെന്നും,  മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസവും പ്രസ്തുത ശുചിമുറി വൃത്തിയാക്കിയിരുന്നുമെന്നുമാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ  വിശദീകരണം.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് രോഗി മരിച്ചിട്ട് 36 മണിക്കൂറോളം ആയെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒന്നര ദിവസത്തോളം ശുചിമുറി വൃത്തിയാക്കിയില്ലേ എന്നാണ് ചോദ്യം ഉയര്‍ന്നിട്ടുള്ളത്. 20ന് ശുചിമുറി വൃത്തിയാക്കി എന്ന ന്യായീകരണമാണ് സൂപ്രണ്ട് ഡോ. ലിജോ പറയുന്നത്. എല്ലാ ദിവസവും ശുചിമുറി വൃത്തിയാക്കുന്നുണ്ടെന്നും ഡോക്ടര്‍ വിശദീകരിച്ചു. സിസിടിവികള്‍ പരിശോധിച്ച് രോഗി എങ്ങോട്ട് പോയെന്ന് കണ്ടെത്താന്‍ ശ്രമിച്ചു. 19ന് രോഗിയെ കാണാതായി 21ന് രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തുന്ന വരെ ശുചിമുറി വൃത്തിയാക്കിയില്ലേ എന്ന് ജീവനക്കാരോട് ചോദിച്ചിരുന്നു. എന്നാല്‍, വൃത്തിയാക്കി എന്നാണ് മറുപടി ലഭിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ശുചിമുറികളുടെ ശോചനീയാവസ്ഥയെ കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പരാതികള്‍ പരിഹരിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെന്നുമാണ് ഡോ. ലിജോയുടെ വിശദീകരണം.

Leave a Comment

Your email address will not be published. Required fields are marked *