തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരന് സഭയെ അഭിസംബോധന ചെയ്തത്.140 അംഗ സഭയില്‍ 70 അംഗങ്ങളും പുതുമുഖങ്ങളാണ് എന്നതാണ് ഇത്തവണത്തെ വലിയ പ്രത്യേകത.
രണ്ടാമതായി പാറക്കല്‍ അബ്ദുല്ലയും മൂന്നാമതായി കെ എം അഭിജിത്തുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കെകെ ആബിദ് ഹുസൈന് തങ്ങള്‍, അബിന്‍ വര്‍ക്കി എന്നിവരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പുനലൂര്‍ എംഎല്‍എ സി അജയപ്രസാദ്, ഒഎസ് അംബിക, ജിആര്‍ അനില്‍. എന്നിവര്‍ സഗൗരവവും സത്യപ്രതിജ്ഞ ചെയ്തു. ഒഎസ് അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. സത്യവാചകത്തിന് അവസാനം ആലുവാക്കാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. എംഎസ് അരുണ്‍ കുമാറും സഗൗരവം പ്രതിജ്ഞ ചെയ്തു. കെഎന്‍ ബാലഗോപാല്‍, വിടി ബല്‍റാം എന്നിവര്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ പതിച്ച ടി ഷര്‍ട്ട് ധരിച്ചാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. കോഴിക്കോട് സൗത്ത് എംഎല്‍എ അഡ്വ ഫൈസല്‍ ബാബു ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. തളിപ്പറമ്പില്‍ നിന്ന് സിപിഎമ്മിനോട് തെറ്റിപ്പിരിഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ടി.കെ ഗോവിന്ദന്, പിണറായി വിജയന് കൈ കൊടുത്തു കൊണ്ടാണ് സത്യപ്രതിജ്ഞ ചൊല്ലാനെത്തിയത്. സഗൗരവം ആയിരുന്നു പ്രതിജ്ഞ. ഭരണനിരയില്‍ നിന്ന് കയ്യടികളോടെയാണ് ഗോവിന്ദനെ വരവേറ്റത്. സിപി ജോണ്‍, വി ജോയ് എന്നിവരും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.














