Newsskerala

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു

കല്‍പ്പറ്റ: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ  വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്‌സൈസ് കണ്ടെത്തി. വീട്ടിലെ 22 ക്യാമറകളിലെയും ദൃശ്യങ്ങളില്ലെന്ന് എക്‌സൈസ് പറയുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ എടുത്തു മാറ്റിയ നിലയിലാണ്. ആന്റോ  അഗസ്റ്റിനെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയതിനിടെയാണ് കണ്ടെത്തല്‍. തെളിവ് നശിപ്പിക്കാനാണ് ഡിവിആര്‍ എടുത്തു മാറ്റിയതെന്ന് എക്‌സൈസ് സംശയിക്കുന്നു. നാളെ  ആന്റോ അഗസ്റ്റിന്റെ  ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ആ സമയത്ത് ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയേക്കും.

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനും 24 മണിക്കൂര്‍ കസ്റ്റഡിയാണ് ബത്തേരി കോടതി അനുവദിച്ചത്. ചോദ്യം ചെയ്യലില്‍ വീട് തന്റെ പേരില്‍ അല്ലെന്നും വീട്ടിലുണ്ടായിരുന്ന മദ്യത്തെ കുറിച്ച് അറിയില്ലെന്നും ആന്റോ ആവര്‍ത്തിച്ചു. കോടതിയിലെ വാദങ്ങള്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പിലും ആവര്‍ത്തിച്ചു. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് തന്റെ  പേരിലല്ല. വീട് ബാങ്ക് ജപ്തി ചെയ്ത് സര്‍ഫാസി നിയമ പ്രകാരം മറ്റൊരാള്‍ വാങ്ങി. താന്‍ മദ്യപിക്കുന്ന ആളല്ലെന്നും പിടിച്ചെടുത്ത മദ്യത്തെ കുറിച്ച് അറിയില്ലെന്നും ആന്റോ ആവര്‍ത്തിച്ചു.

Leave a Comment

Your email address will not be published. Required fields are marked *