ചാലക്കുടി: ചാലക്കുടി പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ വിവിധ കേസുകളിലായി പിടിച്ചെടുത്ത് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12 ബൈക്കുകള്‍ തീയിട്ട് നശിപ്പിച്ചു. സംഭവത്തില്‍ യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
സ്റ്റേഷന്‍ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാര്‍ ഉടന്‍ തന്നെ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. അപ്പോഴേക്കും 12 ബൈക്കുകളും പൂര്‍ണമായും കത്തിനശിച്ചിരുന്നു. കൂടുതല്‍ വാഹനങ്ങളിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.
മലപ്പുറം തിരൂര്‍ സ്വദേശിയായ യുവാവിനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലിസ് അറിയിച്ചു.







