തൃശൂര്‍: പൂരത്തിനു വെടിക്കെട്ടുസാമഗ്രികള്‍ നിര്‍മിക്കുന്നിടത്തുണ്ടായ സ്ഫോടനത്തില്‍ മ മരണം 12 ആയി . തിരുവമ്പാടി വിഭാഗത്തിന്റെ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയില്‍ ഇന്ന് മൂന്നരയോടെയുണ്ടായ സ്‌ഫോടനത്തില്‍ 12 മരണം. നാല്‍പ്പതു പേര്‍ക്കു പരിക്കേറ്റു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. ചെറുസ്‌ഫോടനങ്ങള്‍ 3 മണിക്കൂറിന് ശേഷവും തുടരുകയാണ്.
പരിക്കേറ്റവരില്‍ എട്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായാണ് വിവരം. സ്‌ഫോടന വസ്തുക്കള്‍ നിര്‍വീര്യമാക്കാതെ രക്ഷാപ്രവര്‍ത്തകര്‍ക്കു സംഭവ സ്ഥലത്തേക്കു പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
സമീപത്തെ പാടത്ത് മുഴുവന്‍ പടക്കങ്ങള്‍ തെറിച്ചു വീണ് പൊട്ടുന്ന അതിഭീകരമായ അന്തരീക്ഷമാണ് നിലവിലുള്ളത്. ഉഗ്രസ്‌ഫോടനത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ ദൂരേക്ക് തെറിച്ചു വീഴുന്നതിനാല്‍ ആരെയും ഉള്ളിലേക്ക് കടത്തിവിടുന്നില്ല.
തീ അണച്ചതിനു ശേഷം മാത്രമേ കൂടുതല്‍ തെരച്ചില്‍ നടത്താന്‍ കഴിയൂവെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സ് മുണ്ടത്തിക്കോട് സതീഷിന്റെ പേരിലാണ്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമാകാന്‍ ജില്ലാ കളക്ടര്‍ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കി. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തി.
















