താന്‍ ആരെന്ന വര്‍ഗീസ് കണ്ടംകുളത്തിയോട് ജോലിക്കാരന്‍, ഇത്തരം ക്രിമിനലുകളെ ഇനി ജോലിക്ക് നിര്‍ത്തരുതെന്ന് മേയര്‍.
തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിംഗ് ഫീസിന്റെ പേരില്‍ തീവെട്ടിക്കൊള്ള; മേയര്‍ ഇടപെട്ട് പാര്‍ക്കിംഗ് ഫീസ് പിരിവ് നിര്‍ത്തിവെയ്പിച്ചു.
തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിംഗ് ഫീസ് പിരിവിന്റെ പേരില്‍ ഗുണ്ടായിസം
തൃശൂര്‍: അമിത പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നുവെന്ന പരാതി അന്വേഷിക്കാന്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നേരിട്ടെത്തിയ ജനപ്രതിനിധികള്‍ക്ക് നേരെ തട്ടിക്കയറി പിരിവുകാരന്റെ രോഷപ്രകടനം. സംഭവം ചോദിച്ചറിയാനെത്തിയ ഡി.പി.സി അംഗവും മുന്‍ ഡെപ്യൂട്ടി മേയറുമായ വര്‍ഗീസ് കണ്ടംകുളത്തിയോട് താനാര് എന്നായിരുന്നു ജോലിക്കാരന്റെ ചോദ്യം. ഇത് കേട്ടതോടെ കണ്ടംകുളത്തി പൊട്ടിത്തെറിച്ചു. ചെറ്റത്തരം പറയരുതെന്നും, സൂക്ഷിച്ച് സംസാരിക്കണമെന്നും കണ്ടംകുളത്തി താക്കീത് നല്‍കി. ഞാന്‍ ആരാണെന്ന് തനിക്കറിയണോയെന്നും അദ്ദേഹം ചോദിച്ചു.
അപ്പോഴേക്കും മേയര്‍ എം.കെ.വര്‍ഗീസ് ഇടപെട്ടു. ഇത്തരം ജോലിക്കാരെ ഇനി ഇവിടെ കണ്ടുപോകരുരെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കി. ക്രിമിനലുകളെ ഇവിടെ വേണ്ട, മനുഷ്യരെ ജോലിക്ക് നിര്‍ത്തിയാല്‍ മതിയെന്നും മേയര്‍ നിര്‍ദേശം നല്‍കി. വര്‍ഗീസ് കണ്ടംകുളത്തിയോട് അപമര്യാദയായി പെരുമാറിയ ജോലിക്കാരനെ ഇന്നു തന്നെ പറഞ്ഞുവിടണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
പരാതികളില്‍ അന്വേഷണം നടത്തുമെന്നും അതുവരെ പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നത് നിര്‍ത്തിവെയ്ക്കാനും മേയര്‍ നിര്‍ദേശിച്ചു. ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിംഗിന് ഫീസ് ഈടാക്കുന്നത് തോന്നുംപടി. ബൈക്ക് ഒരു മണിക്കൂര്‍ പാര്‍ക്കിംഗിന് 5 രൂപയും കാറിന് 15 രൂപയുമാണ് ഫീസ്. എന്നാല്‍ ഇരട്ടിത്തുകയാണ് കരാറുകാര്‍ ഈടാക്കിയിരുന്നത്. കാറിന്റെ വലിപ്പം അനുസരിച്ചാണ് ഫീസ്. മിക്കപ്പോഴും പാര്‍ക്കിംഗ് ഫീസിനെച്ചൊല്ലി ഇവിടെ തര്‍ക്കവും പതിവായിരുന്നു. പാര്‍ക്കിംഗ് ഫീസ് രേഖപ്പെടുത്തിയിരുന്ന ബോര്‍ഡുകളും കരാറുകാരന്‍ എടുത്തുമാറ്റിയിരുന്നു.
അമിത പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതിനെതിരേ കോര്‍പറേഷന്‍ മേയര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, തൃശൂര്‍ ഡി.എം.ഒ, ജനറല്‍ ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് ആക്ട്സ് സെക്രട്ടറി ലൈജു സെബാസ്റ്റ്യന്‍ പരാതി നല്‍കിയത്. സ്വകാര്യ വാഹനങ്ങളില്‍ നിന്ന് 15 രൂപ പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ അനുമതിയുള്ളിടത്ത് 20 രൂപയാണ് അനധികൃതമായി പരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.